കണ്ണൂർ: കേരളത്തിന്റെ മലബാർ തീരപ്രദേശം കേന്ദ്രീകരിച്ച് മീൻപിടിത്ത ബോട്ടുകൾ വഴി വൻതോതിൽ ലഹരിമരുന്നും സ്വർണവും കടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ ഹെറോയിനും മെത്താംഫെറ്റമിനുമാണ് കടൽമാർഗം കടത്തുന്നത്. മലബാർ തീരത്തുനിന്ന് ശ്രീലങ്കയിലേക്ക് ലഹരിമരുന്ന് എത്തിക്കുകയും പകരമായി സ്വർണം കേരളത്തിലേക്ക് കടത്തുകയുമാണ് സംഘങ്ങളുടെ രീതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലെ തൂത്തുക്കുടി, വേദാരണ്യം, രാമേശ്വരം, കന്യാകുമാരി തീരങ്ങളും കടത്തിന്റെ പ്രധാന ഇടനാഴികളായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

മയക്കുമരുന്ന് കടത്താൻ മത്സ്യബന്ധന ബോട്ടുകളിൽ പ്രത്യേക രഹസ്യ അറകൾ നിർമിക്കുന്നതായും വലിയ മത്സ്യങ്ങളുടെ വയറിനുള്ളിലും ഐസ് പെട്ടികളിലും ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മത്സ്യങ്ങൾക്കിടയിലും ഐസിനുള്ളിലും സൂക്ഷിക്കുന്നതിനാൽ പരിശോധനയിൽ കണ്ടെത്തുക പ്രയാസമാണ്. മീനിന്റെ ഗന്ധം ലഹരിമരുന്നിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് തടസ്സമാകുമെന്നും അന്വേഷണ വിഭാഗം വിലയിരുത്തുന്നു. ഇത്തരത്തിൽ കടത്തുന്ന ലഹരിവസ്തുക്കൾ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലഹരിക്കടത്തിനെതിരേ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കിയതിനു പിന്നാലെയാണ് കടൽമാർഗമുള്ള കടത്ത് വർധിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ശ്രീലങ്കയിൽനിന്ന് തമിഴ്നാട് തീരത്തേക്ക് മീൻപിടിത്ത ബോട്ടുകൾ വഴി സ്വർണം കടത്തിയ സംഭവങ്ങൾ നേരത്തെയും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 16, 17 തീയതികളിൽ നാഗപട്ടണത്ത് നടത്തിയ പരിശോധനയിൽ 137 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ പിടിച്ചെടുത്തതും കടൽമാർഗമുള്ള ലഹരിക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. കടൽമാർഗമുള്ള ലഹരിയുടെയും സ്വർണത്തിന്റെയും കടത്ത് തടയാൻ തീരദേശ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ ഉയരുകയാണ്.