ശാസ്താംകോട്ടയില്‍ സദാചാരവാദികളുടെ വിലക്കിനെ വെല്ലുവിളിച്ച് ഒരുമിച്ചിരുന്ന് ചെറുപ്പക്കാര്‍. ശാസ്താംകോട്ട കോളേജ് റോഡില്‍ ജീവന്‍ സ്റ്റുഡിയോയുടെ സമീപത്തുള്ള ആല്‍ത്തറയിലാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ചത്. ‘പെണ്‍കുട്ടികള്‍ ഒരുമിച്ച് ഇരിക്കരുത്’ എന്ന ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയിരുന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടപെടല്‍.

ബോര്‍ഡിന് കീഴെ മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞെന്നും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന് പുതിയ ബോര്‍ഡ് തൂക്കിയെന്നും ശാസ്താംകോട്ട സ്വദേശിയായ അഖില്‍ രാജ് എസ് സാഹിതി ഫേസ്ബുക്കില്‍ കുറിച്ചു.

അഖില്‍ രാജിന്റെ പ്രതികരണം

‘ഇവിടെ പെണ്‍കുട്ടികള്‍ ഇരിക്കരുത്’ എന്നൊരു ബോര്‍ഡ് ശാസ്താംകോട്ടയില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇങ്ങനെ ഉള്ള തിട്ടൂരങ്ങള്‍ ശാസ്താംകോട്ടയില്‍ അനുവദിച്ചു തരില്ല, ആല്‍ത്തറ ആ ബോര്‍ഡ് വെച്ച ടീമിന്റെ തന്തയുടെ വകയൊന്നുമല്ല, ഇവിടെ ആണും ഇരിക്കും പെണ്ണും ഇരിക്കും. ബോര്‍ഡ് വെച്ചവര്‍ക്ക് കാര്യം മനസ്സിലായെന്ന് വിശ്വസിക്കുന്നു.’

അഖിലിന്റെ പോസ്റ്റിന് കീഴില്‍ യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളെത്തി. ‘അയ്യപ്പന്റെ ബോര്‍ഡിന് മുന്നില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നടക്കുന്നു’, ‘എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രം വിലക്ക്’, ‘ആണും പെണ്ണും ഇരുന്ന് കോപ്രായം കാണിക്കുന്നത് തെറ്റാണ്’, ‘ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രം ആയി ബന്ധമുള്ള ഒരു ആല്‍ത്തറ ആണ് ശാസ്താംകോട്ട കോളേജ് റോഡില്‍ ഉള്ളത്. അവിടെ നടക്കുന്ന പേക്കൂത്ത് കണ്ടാല്‍ അമ്പരന്ന് പോകും’, ‘ആല്‍ത്തറയില്‍ പെണ്ണുങ്ങള്‍ ഇരുന്നാല്‍ എന്താ ആല്‍ മരം കടിക്കുമോ?’, ‘ചില മനുഷ്യ മനസ്സുകള്‍ ചെറുതാകുകയാണ്’..എന്നിങ്ങനെയാണ് കമന്റുകള്‍.