ടോംജോസ് തടിയംപാട് , ജോസ് മാത്യു
ഒരു ചരിത്രവിദ്യാർത്ഥി എന്ന നിലയിൽ വളരെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു ചരിത്രസ്മാരകമായിരുന്നു സ്‌പെയിനിലെ കോർഡോബയിൽ സ്ഥിതി ചെയ്യുന്ന കോർഡോബ മോസ്‌ക് ആൻഡ് ക്രിസ്റ്റ്യൻ പള്ളി. ഇസ്ലാമിക കടന്നുകയറ്റം നടന്ന പ്രദേശങ്ങളിൽ എല്ലാം ക്രിസ്റ്റ്യൻ പള്ളികൾ പിടിച്ചെടുത്ത് മോസ്‌ക് ആക്കിയിരിക്കുന്നത് ലോകത്ത് എല്ലായിടത്തും നമുക്ക് കാണാം. അതിൽ ഏറ്റവും പഴയത് മുഹമ്മദ് ജനിക്കുന്നതിനു മുൻപ് പണികഴിപ്പിച്ച തുർക്കിയിലെ ഹാഗിയ സോഫിയ എന്ന പള്ളിയും പിന്നീട് മോസ്‌കാക്കി മാറ്റിയ സ്മാരകവുമാണ്. എന്നാൽ ഇതുപോലെ ക്രിസ്റ്റ്യൻ പള്ളി പിടിച്ചെടുത്ത് അതിമനോഹരമായ മോസ്‌ക് പണിയുകയും പിന്നീട് ക്രിസ്റ്റ്യൻ സൈന്യം തിരിച്ചുപിടിച്ച് കത്തീഡ്രൽ ആക്കി മാറ്റുകയും ചെയ്ത ചരിത്രമാണ് Mezquita Catedral de Cordoba എന്നറിയപ്പെടുന്ന ഈ പള്ളിക്കുള്ളത്.

AD 756 മുതൽ ആരംഭിച്ച സ്പെയിനിലേക്കുള്ള ഇസ്ലാമിന്റെ കടന്നുകയറ്റത്തിന് നേതൃത്വം കൊടുത്തത് സിറിയയിൽ നിന്നുള്ള ഉമയ്യദ് വംശമാണ്. ആ കാലത്ത് മുസ്ലിം, ക്രിസ്റ്റ്യൻ വിശ്വാസികൾ സഹകരിച്ച് കോർഡോബയിലെ സെന്റ് വിൻസെന്റ് പള്ളിയിൽ പ്രാർത്ഥിച്ചിരുന്നു. പിന്നീട് പള്ളി മുസ്ലിങ്ങൾ കൈവശപ്പെടുത്തുകയും (വാങ്ങിയെന്നും പറയുന്നു) 784-ൽ അക്കാലത്തെ ഏറ്റവും വലിയ മോസ്‌കിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 23,400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, 5.8 ഏക്കറോളം സ്ഥലത്ത് നിർമ്മിച്ച ഈ മോസ്‌കിൽ ഒരേസമയം 20,000 പേർക്ക് പ്രാർത്ഥന നിർവഹിക്കാൻ കഴിയുമായിരുന്നു. 987-ലാണ് മോസ്‌കിന്റെ പണി പൂർത്തീകരിച്ചത്.
ഈ മോസ്‌ക് നിർമ്മിക്കുന്ന സമയത്ത് സ്പെയിനിന്റെ ഭൂരിഭാഗവും കീഴടക്കിയ ഇസ്ലാം സൈന്യം ചെയ്ത മറ്റൊരു ക്രൂരത, ഏകദേശം 882 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാന്റിയാഗോ ഡി കമ്പോസ്റ്റീല കത്തീഡ്രലിൽ സ്ഥാപിച്ചിരുന്ന വലിയ ഓടുകൊണ്ടുണ്ടാക്കിയ മണി അഴിച്ചുകൊണ്ടുവന്ന് കാലുകൾ ഉണ്ടാക്കി മോസ്‌കിൽ സ്ഥാപിച്ചു എന്നതാണ്.
പിന്നീട് ഇസ്ലാമിക ഭരണകൂടത്തിലെ വിവിധ പ്രശ്നങ്ങളും ക്രിസ്റ്റ്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധവും കാരണം വിവിധ രാജവംശങ്ങൾ അധികാരം കയ്യാളിയിരുന്നു. അതിൽ ഏറ്റവും ക്രൂരമായി ഇസ്ലാമിക നിയമം കർക്കശമായി നടപ്പിലാക്കിയ രാജവംശമായിരുന്നു അൽമൊറാവിദ് രാജവംശം. ഇവർ മൊറോക്കോയിൽ നിന്നും ക്രിസ്റ്റ്യൻ സൈന്യത്തിനെതിരെ ഇസ്ലാമിക സൈന്യത്തെ സഹായിക്കാൻ വന്നവരായിരുന്നു.

1086-ൽ അൽമൊറാവിദുകൾ അധികാരം പിടിച്ചെടുക്കുകയും ക്രിസ്തുവിശ്വാസികളുടെ മേൽ വലിയ മതനികുതി (ജിസിയ) നടപ്പിലാക്കുകയും 25% ക്രിസ്റ്റ്യൻ സമൂഹത്തെ നിർബന്ധിച്ച് മതം മാറ്റുകയും ക്രിസ്റ്റ്യൻ പള്ളി പണിയുന്നതിനും വസ്ത്രധാരണത്തിനും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇതോടെ ഇസ്ലാമിക അടിമത്തത്തിനെതിരെ ഫെർഡിനന്റ് മൂന്നാമൻ രാജാവിന്റെ നേതൃത്വത്തിൽ ജനം സംഘടിക്കുകയും 1236-ൽ ഇസ്ലാമിക ഭരണകൂടത്തിന്റെ ആസ്ഥാനമായ കോർഡോബ പിടിച്ചെടുക്കുകയും ചെയ്തു. കോർഡോബ മോസ്‌ക് പള്ളിയാക്കി മാറ്റി. പള്ളിയിൽ സ്ഥാപിച്ചിരുന്ന പള്ളിമണി ഒരുക്കിയുണ്ടാക്കിയ കാലുകൾ പറിച്ചെടുത്ത് ഉരുക്കി പള്ളിമണിയാക്കി സാന്റിയാഗോ കത്തീഡ്രലിൽ സ്ഥാപിച്ചു.

1523-ൽ അധികാരത്തിൽ വന്ന ചാൾസ് അഞ്ചാമൻ രാജാവ് മോസ്‌കിന്റെ നടുഭാഗം പൊളിച്ച് അവിടെ നവോത്ഥാന ശൈലിയിൽ മനോഹരമായ ഒരു പള്ളി സ്ഥാപിച്ചു. ഇന്ന് ഈ പള്ളി ഇസ്ലാമിക, ക്രിസ്റ്റ്യൻ സംസ്കാരങ്ങളുടെയും ശിൽപ്പകലയുടെയും പ്രതീകമായി ലോകത്തുള്ള ചരിത്രകുതുകികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു. 1984-ൽ UNESCO വേൾഡ് ഹെറിറ്റേജ് സൈറ്റായി കോർഡോബ കത്തീഡ്രലിനെ പ്രഖ്യാപിച്ചു. ഒരു വർഷം രണ്ട് മില്യൺ സന്ദർശകരാണ് ഈ മഹാസൗധം കാണാൻ ഇവിടെ എത്തുന്നത്. സ്പെയിനിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലമാണ് ഇന്ന് കോർഡോബ മോസ്‌ക് കത്തീഡ്രൽ.

ഉമയ്യദ് ഭരണം നിലനിന്നിരുന്ന കാലത്ത് കോർഡോബയെ അറിയപ്പെട്ടിരുന്നത് അന്ദുലുസിയ എന്നായിരുന്നു. അക്കാലത്തെ സ്പെയിനിന്റെ സുവർണ്ണകാലഘട്ടം എന്നും അറിയപ്പെടുന്നു. ആ കാലഘട്ടത്തിൽ അവിടെയുണ്ടായിരുന്ന ലൈബ്രറിയിൽ 40,000 പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. സാംസ്കാരികമായും കലാപരമായും വളരെ ഉന്നതിയിലായിരുന്നു സ്പെയിൻ എന്നാണ് ചരിത്രം പറയുന്നത്.
സ്പെയിനിൽ ക്രിസ്റ്റ്യൻ ഭരണകൂടം നിലവിൽ വന്നതോടെ മുസ്ലിങ്ങളെയും യഹൂദരെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി. അല്ലാത്തവരെ മുഴുവൻ രാജ്യത്തുനിന്നും പുറത്താക്കി. എന്നാൽ ആ കാലത്ത് മതം മാറിയവർ രഹസ്യമായി അവരുടെ മതം വീട്ടിൽ പ്രാക്ടീസ് ചെയ്യുന്നു എന്ന് പറഞ്ഞ് അവരെ ശിക്ഷിക്കാൻ 1478-ൽ ആരംഭിച്ച സ്പാനിഷ് ഇൻക്വിസിഷൻ വളരെ ക്രൂരതകൾ നിറഞ്ഞതായിരുന്നു. ഇതിന്റെ പേരിൽ വിചാരണ ചെയ്ത് കത്തിച്ചുകൊന്നത് 30,000 ആളുകളെയാണ്. കൂടാതെ 1,50,000 പേരെ വിവിധ ശിക്ഷകൾക്കും വിധേയമാക്കിയെന്നാണ് പറയുന്നത്. ഇതിൽ ചരിത്രകാരന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1500 ആയപ്പോഴേക്കും ക്രിസ്റ്റ്യൻ അല്ലാത്തവരെയെല്ലാം സ്പെയിനിൽ നിന്നും നാടുകടത്തിയിരുന്നു.












Leave a Reply