മാൾട്ട പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ മലയാളി നേഴ്സായ ഗീതു ലൂയിസിന്റെ സേവനങ്ങളെ പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി റോബർട്ട് അബേല. തന്റെ മാതാപിതാക്കൾക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ കരുതലോടെ പരിചരിച്ചത് ഗീതുവായിരുന്നുവെന്നും അവരുടെ സേവനങ്ങൾക്ക് കുടുംബം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘താങ്ക് യൂ ഗീതു’ എന്ന വാക്കുകളോടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. ചാലക്കുടി മേലൂർ സ്വദേശിയായ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസ് (35) ആണ് മാൾട്ടയുടെ പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മലയാളി നേഴ്സ്.
നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നേഴ്സായി ജോലി ചെയ്തിരുന്ന ഗീതു 2018ലാണ് യൂറോപ്യൻ രാജ്യമായ മാൾട്ടയിലെത്തിയത്. കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ രോഗപരിശോധന നടത്താനുള്ള ദൗത്യം അധികൃതർ ഗീതുവിനെ ഏൽപ്പിച്ചു. പലരും ഈ ചുമതല ഏറ്റെടുക്കാൻ മടിച്ചപ്പോൾ ധൈര്യത്തോടെ മുന്നോട്ടുവന്ന ഗീതുവിന് പിന്നീട് കോവിഡ് പരിശോധനാ പ്രവർത്തനങ്ങളുടെ പൂർണ ചുമതല ലഭിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉത്തരവാദിത്തവും ഗീതുവിന് ലഭിച്ചു. ഇതോടെ മാൾട്ടയിലെ ആരോഗ്യരംഗത്ത് ശ്രദ്ധേയയായ മലയാളി സാന്നിധ്യമായി അവർ മാറി.
ഇതിനിടെയാണ് മാൾട്ട മുൻ പ്രസിഡന്റും പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഔദ്യോഗിക വസതിയിലേക്ക് ഗീതുവിനെ ക്ഷണിച്ചു. ഒരു വർഷത്തോളം അബേല കുടുംബത്തിന്റെ ഭാഗമായിരുന്നു ഗീതു. പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും പരിചരണത്തിന് ഗീതുവിന്റെ സേവനം ലഭിച്ചു. മാൾട്ടയുടെ വളർച്ചയിൽ വിദേശരാജ്യങ്ങളിൽനിന്നെത്തി ജോലി ചെയ്യുന്നവരുടെ പങ്ക് എടുത്തുപറയുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ പേര് പരാമർശിച്ചത്. മകൾ ടിയാനയ്ക്കും കുടുംബത്തിനുമൊപ്പം മാൾട്ടയിൽ കഴിയുന്ന ഗീതുവിന് പ്രധാനമന്ത്രിയുടെ വാക്കുകൾ വലിയ അംഗീകാരമായി.











Leave a Reply