ശബരിമല തീർഥാടന കാലത്ത് മോഷണം നടത്താനായി എത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നിയിൽ പൊലീസ് പിടികൂടി. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു എന്നീ പേരുകളിലും അറിയപ്പെടുന്നു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവരാണ് പിടിയിലായത്. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരം അറിയിച്ചു. അദ്ദേഹം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനെ വിവരമറിയിച്ചതോടെ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പൊലീസ് സംഘം റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 21,000 രൂപ കണ്ടെത്തിയത്. തുടർന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പാക്കി. ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. ശബരിമല തീർഥാടന കാലത്ത് മോഷണം ലക്ഷ്യമിട്ട് എത്തിയതാണോയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











Leave a Reply