ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ഷെയറിലെ ബ്രാഡ്ഫോർഡിൽ ജനകീയ പ്രവർത്തനങ്ങൾക്കിടെ കുത്തേറ്റ പ്രാദേശിക കൗൺസിലർ ഇബ്രാർ അലിയുടെ (52) സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അർഫാൻ അലി (32) എന്നയാളാണ് കേസിലെ പ്രതി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വധശ്രമത്തിന് പുറമെ ആക്രമണം, പൊതുസ്ഥലത്ത് ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൗൺസിൽ ജീവനക്കാരോടൊപ്പം പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇബ്രാർ അലി. ഇതിനിടെ കൗൺസിൽ ജീവനക്കാരനെ ആക്രമിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ഇടപെട്ടപ്പോഴാണ് അദ്ദേഹത്തിന് ഒന്നിലധികം കുത്തേറ്റതെന്ന് കുടുംബം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം സ്ഥിരതയാർന്ന ആരോഗ്യനിലയിലാണെന്നും കുടുംബം വ്യക്തമാക്കി. സുഖം പ്രാപിച്ചശേഷം എല്ലാവരോടും നേരിട്ട് നന്ദി അറിയിക്കുമെന്നാണ് ഇബ്രാർ അലി പറഞ്ഞത്.

വ്യാഴാഴ്ച രാവിലെ മാൻ സ്ട്രീറ്റിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കൗൺസിലറെ കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തിയത്. തോൺബറി അവന്യൂവിൽ വെച്ചാണ് ആദ്യം പരിക്കേറ്റതെന്നും പിന്നീട് വാഹനത്തിൽ മാൻ സ്ട്രീറ്റിലേക്ക് എത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ശനിയാഴ്ച ലീഡ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്ത ഇയാളെ ഡിസംബർ 21ന് ബ്രാഡ്ഫോർഡ് ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാക്കും.











Leave a Reply