ടോം ജോസ് തടിയംപാട്

റോമിന്റെ ചരിത്രം ആരംഭിക്കുന്നത് BC 750 ൽ ഇരട്ട സഹോദരന്മാരായിരുന്ന റോമുലസിൽ നിന്നും റെമുസിൽ നിന്നുമാണ് . അവരുടെ അമ്മ, റിയ സിൽവിയ, ലാറ്റിയത്തിലെ ഒരു പുരാതന നഗരമായ ആൽബ ലോംഗയിലെ രാജാവായ നുമിറ്റോറിന്റെ മകളായിരുന്നു. പിന്നീട് റിയ സിൽവിയയുടെ അമ്മാവൻ അമുലിയസ് അധികാരം പിടിച്ചെടുക്കുകയും ന്യൂമിറ്ററിന്റെ പുരുഷ അവകാശികളെ കൊല്ലുകയും റിയ സിൽവിയയെ വെസ്റ്റൽ കന്യകയാകാൻ (നിത്യ കന്യക )നിർബന്ധിക്കുകയും ചെയ്തു .

എന്നാൽ , റിയ സിൽവിയ ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു .കുട്ടികളുകളുടെ പിതാവു ഒന്നുകിൽ ചൊവ്വ ദേവൻ അല്ലെങ്കിൽ ഹെർക്കുലീസ് ദേവനായിരിക്കും എന്നായിരുന്നു വിശ്വാസവും . എന്നാൽ, ഒരു അജ്ഞാതൻ റിയ സിൽവിയയെ ബലാത്സംഗം ചെയ്തതാണെന്ന വാദവും ഉണ്ടായിരുന്നു

റിയ സിൽവിയയുടെ പ്രസവത്തിൽ അമുലിയസ് കോപാകുലനായി, ഇരട്ടക്കുട്ടികളെ വെള്ളപ്പൊക്കമുള്ള ടൈബർ നദിക്കരയിൽ ഒരു കൊട്ടയിലാക്കി, ഒഴുക്കിവിട്ടു കൊല്ലാൻ സേവകരുടെ കൈവശം കൊടുത്തയക്കുകയും അവർ അത് ചെയ്യുകയും ചെയ്തു.

കുട്ടകളിൽ ഒഴുകിവന്ന കുട്ടികളെ ഒരു ചെന്നായ രക്ഷിച്ചു മുലയൂട്ടുകയും പിന്നീട് , ഒരു ഇടയൻ അവരെ കണ്ടെത്തി കൊണ്ടുപോകുയും . ഇടയനും ഭാര്യയു൦ കൂടി കുട്ടികളെ വളർത്തുകയും ചെയ്തു ചെറുപ്പത്തിലേ തന്നെ അവർ നേതൃപാഠവം കാണിച്ചിരുന്നു

വളർന്നു വലുതായപ്പോൾ , ചെന്നായയെ കണ്ടുമുട്ടിയ സ്ഥലത്ത് ഒരു നഗരം പണിയാൻ സഹോദരങ്ങൾ തീരുമാനിച്ചു. പാലറ്റൈൻ കുന്നിൽ പുതിയ നഗരം പണിയാൻ റോമുലസ് ആഗ്രഹിച്ചപ്പോൾ, റെമുസ് അവന്റയിൻ കുന്നിനെ തിരഞ്ഞെടുത്തു.ഇതിന്റെ പേരിൽ സഹോദരന്മാർ തമ്മിൽ നടന്ന വഴക്കിൽ റോമുലസ് റെമസിനെ കൊലപ്പെടുത്തുകയും .പിന്നീട് റോമുലസ് പണിത പട്ടണത്തിനു അദ്ദേഹം റോം എന്ന് നാമകരണം ചെയ്യുകയും ചെയ്തു അങ്ങനെയാണ് റോം രൂപപ്പെട്ടത് എന്നാണ് ഐതിഹ്യം . അദ്ദേഹത്തിന്റെ ഭരണത്തിൽ റോമിനെ നിരവധി സൈനിക വിജയങ്ങളിലേക്ക് അദ്ദേഹം നയിച്ചു. റോമിന്റെ ഔദ്യോഗിക ചിഹ്നം ചെന്നായുടെ പാൽകുടിക്കുന്ന രണ്ടുകുട്ടികളാണ് .

സീസറും റോമും രണ്ടായിരം വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ,സാമൂഹിക മണ്ഡലത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണം ,ബ്രൂട്ടസ് നീയോ ഈ വാക്കുകൾ നാം സാധാരണയായി കേൾക്കുന്നതാണ്. മാർക്ക് ആന്റണിയുടെ പ്രസംഗവും ,സീസറിലെ തത്വചിന്തകനെയും യോദ്ധാവിനെയും മറക്കാൻ ലോകത്തിനു കഴിയുന്നില്ല ,അങ്ങനെയുള്ള റോമൻ രാജാക്കന്മാർ വാണരുളിയ റോമൻ ഫോറത്തിലെ തിരുശേഷിപ്പുകൾ കണ്ടു നടന്നപ്പോൾ ആ കാഴ്ച്ചകൾ പഴയകാല മനുഷ്യ സംസ്കൃതിയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല

റോമൻ ദൈവങ്ങളുടെ അമ്പലങ്ങളും യുദ്ധവിജയത്തിന്റെ വീരകഥകൾ വിവരിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന ടൈറ്റസ് ടൗവറും കോൺസ്റ്റന്റിയിൽ ടവറും ഉൾപ്പെടെ നിരവധി ടവറുകളും സീസർ കുത്തുകൊണ്ടു വീണ റോമൻ കുരിയയും ,സീസറിന്റെ ശവകുടീരവും സീസറിന്റെയും വെസ്‌പേസിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങളും, ബസലിക്ക എന്ന് അറിയപ്പെടുന്ന കോടതികളും, രാഷ്ട്രീയ ചർച്ച കേന്ദ്രങ്ങളും കൂടാതെ ആ കാലത്തേ പഴയ റോഡുകളും വാട്ടർ സപ്ലൈ സിസ്റ്റം ( അക്കാഡക്ക് ) എന്നിങ്ങനെ മനുഷ്യന്റെ പ്രാചിന ജീവിതം വരച്ചുകാണിക്കുന്ന റോമൻ ഫോറത്തിലെ അവശിഷ്ട്ടങ്ങൾ ചരിത്ര കുതുകികൾക്കു എന്നും ആവേശം ജനിപ്പിക്കുന്നു.

റ്റെമ്പിൾ ഓഫ് സീസർ, ബിസി 42-ൽ അഗസ്റ്റസ് സീസർ പണിയാൻ തുടങ്ങിയ സീസർ ക്ഷേത്രം ബിസി 18 ഓഗസ്റ്റ് 29 ന് പൂർത്തീകരിച്ചു സീസറിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ് . സന്ദർശകർ അവിടെ നാണയങ്ങൾ സമർപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം .റോമൻ ഫോറത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലമാണിത് .സീസർ കൊല്ലപ്പെട്ട ക്യൂറിയ, അല്ലെങ്കിൽ തിയേറ്റർ, ഓഫ് പോംപിയും ഇവിടെ നമുക്ക് കാണാം , ബിസി 44 മാർച്ച് 15, നാണു സീസർ കൊല്ലപ്പെട്ടത്. എല്ലാവർഷവും മാർച്ച് 15 നു റോമാക്കാർ സീസറിനെ സംസ്‌ക്കരിച്ച സ്ഥലത്തു ഒത്തുകൂടി സീസറിന്റെ ഓർമ്മ പുതുക്കാറുണ്ട് .

മറ്റൊരു ശ്രദ്ധേയമായ സ്ഥലമാണ് ജെറുസലം പള്ളി തകർത്തു യഹൂദരെ കിഴടക്കിയതിന്റെ വിജയം ആഘോഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആർക്ക് ഓഫ് ടൈറ്റസ് ഇതിൽ യഹൂദർ അവരുടെ മെനോറ വിളക്കുമായി ടൈറ്റസിന്റെ മുൻപിൽ കിഴടങ്ങുന്ന ചിത്രം കൊത്തിവച്ചിട്ടുണ്ട്. എ ഡി 72 -ൽ പണി ആരംഭിക്കുകയും എ ഡി 91 -ൽ പണിപൂർത്തീകരിച്ചു ഉത്ഘാടനം ചെയ്യുകയും ചെയ്തു . ആ കാലത്തു യുദ്ധം ജയിച്ചുവന്നാൽ ടവർ സ്ഥാപിച്ചു വിജയം ആഘോഷിക്കുന്നത് സാധാരമായിരുന്നു. അതിൽ ഏറ്റവും വലിയ ടവർ നിർമിച്ചിട്ടുള്ളത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പേരിലാണ് കൊളോസിയത്തോടു ചേർന്നാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്.

ക്യൂറിയ ജൂലിയ സെനറ്റ് ഹൗസ് ഇതും സീസറിന്റെ കാലത്തു നിർമ്മാണം തുടങ്ങുകയും ഒക്ടോവിയ സീസർ പൂർത്തീകരിക്കുകയും ചെയ്‍തതാണ് .റ്റെമ്പിൾ ഓഫ് അന്റോണിനസ് ആൻഡ് ഫൗസ്റ്റീന, ഹൗസ് ഓഫ് ദി വെസ്റ്റൽസ് , റ്റെമ്പിൾ ഓഫ് വെസ്റ്റ, റ്റെമ്പിൾ ഓഫ് വെസ്പാസിയൻആൻഡ് ടൈറ്റസ്, റ്റെമ്പിൾ ഓഫ് വീനസ് അങ്ങനെ ഒട്ടേറെ അമ്പലങ്ങൾ ഈ അമ്പലങ്ങളെല്ലാം ക്രിസ്തുവിനു മുൻപ് പണിതവയാണ്. ഇതിന്റെയെല്ലാം അവശിഷ്ട്ടങ്ങൾ നമുക്ക് കാണാം.

ബസിലിക്ക ഓഫ് മാക്സെന്റിയസ് ആൻഡ് കോൺസ്റ്റന്റൈൻ ഇത് അക്കാലത്തേ കോടതിയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവും ആയിരുന്നു കൂടാതെ സീസറിന്റെയും ടൈറ്റസിന്റെയും കൊട്ടാരങ്ങൾ ,വലിയ സർക്കസ് സ്റ്റേഡിയം ,എന്നിവ ഉൾപ്പെട്ടതായിരുന്നു റോമൻ ഫോറം ഗൈഡിനോടൊപ്പം പോയാൽ മാത്രമേ എന്തായിരുന്നു റോമൻ ഫോറം എന്ന് മനസിലാക്കാൻ കഴിയൂ . അവിടം കണ്ടിറങ്ങിയപ്പോൾ അതി പ്രാചിനമായ മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലൂടെ നടക്കാൻ കഴിഞ്ഞു എന്ന സന്തോഷം മനസ്സിൽ നിറഞ്ഞുനിന്നു .

പിന്നെ ഞങ്ങൾ പോയതു കൊളോസിയം കാണുന്നതിനു വേണ്ടിയാണ് . എ ഡി 54 മുതൽ എ ഡി 68 വരെ റോം ഭരിച്ചിരുന്ന നീറോ ചക്രവർത്തിയുടെ മരണശേഷം അധികാരത്തിൽ വന്ന വെസ്പേഷ്യൻ ചക്രവർത്തി എ ഡി 72 ൽ കൊളോസിയത്തിന്റെ പണിയാരംഭിച്ചു . എ ഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ചക്രവർത്തിയാണ് പണി പൂർത്തീകരിച്ചത് . എ ഡി 70 ൽ ജെറുസലേം ദേവാലയം തകർത്തു യഹൂദരെ കൂട്ടക്കൊല നടത്തിയ ശേഷം അവിടെനിന്നും കൊണ്ടുവന്ന പണവും അടിമകളെയും ഉപയോഗിച്ചാണ് 80000 പേർക്ക് ഇരിക്കാവുന്ന ഈ മഹാസൗധം പണിപൂർത്തീകരിച്ചത്. ഓവൽ ഷെയിപ്പിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. റോമൻ എഞ്ചിനിയറിംഗിന്റെ അദ്ഭുതകരമായ ഒരു സംഭാവന തന്നെയാണ് കൊളോസിയ൦. രാജാക്കന്മാർക്കും ,ഗവർണ്ണർമാർക്കും ,സെനേറ്റർമാർക്കും ,പട്ടാളമേധാവികൾക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകൾ ഉണ്ടായിരുന്നു. നൂറു ദിവസം നീണ്ടുനിന്ന ഉത്ഘാടന പരിപാടികളിൽ 900 മൃഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക് .കൊളോസിയത്തിന്റെ യഥാർത്ഥ നാമം ഫ്ലാവിയൻ ആമ്പി തീയേറ്റർ എന്നതായിരുന്നു എന്നാൽ നീറോയുടെ ഭീമാകാരമായ പ്രതിമ (കൊളോസ്സ് ഓഫ് നീറോ ) നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പിന്നീട് കൊളോസിയം എന്നറിയപ്പെട്ടു .

പ്രധാനമായും എവിടെ അരങ്ങേറിയിരുന്നത് ഗ്ലാഡിയേറ്റർ മത്സരമായിരുന്നു പരിശീലനം നേടിയ നീളം കുറഞ്ഞ വാളും പടച്ചട്ടയും ധരിച്ച അടിമകളായിരുന്നു ഗ്ലാഡിയേറ്ററന്മാർ ഇതിൽ ഒരാൾ കൊല്ലപ്പെട്ടാണ് മത്സരം അവസാനിക്കുന്നത് .ആ കാലത്തു റോമാക്കാർ കണ്ടുപിടിച്ച സർക്കസിലൂടെ കൂടുതൽ യുദ്ധമുറകൾ അഭ്യസിക്കാനും അതിലൂടെ ഒട്ടേറെ രാജ്യങ്ങളെ കീഴടക്കാനും റോമക്കാർക്കു കഴിഞ്ഞിരുന്നു. മറ്റൊരു മത്സരം വിശന്നു വലഞ്ഞ ക്രൂര മൃഗങ്ങൾക്കു മുൻപിലേക്ക് ഗ്ലാഡിയേറ്റർമാരെ തള്ളിയിടും മൃഗങ്ങൾ ആ മനുഷ്യനെ കടിച്ചു കീറുന്നതുകണ്ടു ജനം ആർപ്പുവിളിക്കും . കുറ്റവാളികളെ മൃഗങ്ങൾക്കു മുൻപിൽ ഇട്ടുകൊടുക്കുന്ന രീതിയും അവിടെ നിലനിന്നിരുന്നു കുറ്റവാളികൾ മൃഗത്തെ കൊന്നു രക്ഷപെട്ടാൽ അവനെ കുറ്റവിമുക്തനാക്കാൻ ജനങ്ങൾ രാജാവിനോട് ആവശ്യപ്പെടും. രാജാവ് അവനെ കുറ്റവിമുക്തനാക്കി തടികൊണ്ടുള്ള ഒരു വാളും സമ്മാനമായി നൽകും .ഒരു കാലത്തു ക്രിസ്തു മതവിശ്വാസികളെയും മൃഗങ്ങൾക്കുമുൻപിൽ ഇട്ടുകൊടുത്തു കൊന്നിട്ടുണ്ട് ,ഇതിനുവേണ്ടിയുള്ള മൃഗങ്ങളെ കൊണ്ടുവന്നിരുന്നത് മധ്യപൂർവദേശത്തുനിന്നുമായിരുന്നു ,ആന സിംഹം കടുവ ഹിപ്പപ്പൊട്ടാമസ് എന്നി മൃഗങ്ങളെയാണ് കൂടുതലും ഉപയോഗിച്ചിരുന്നത് .തടികൊണ്ട് നിർമിച്ചിരുന്ന അങ്കത്തട്ടിനു മുകളിൽ രക്തം വാർന്നു പോകുന്നതിനുവേണ്ടിമണൽ വിരിച്ചിരുന്നു.

ക്രിസ്തുമതം സ്വീകരിച്ച കോൺസ്റ്റന്റിയിൻ ചക്രവർത്തി ഈ ക്രൂരവിനോദം നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും റോമാക്കാർ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ വിനോദം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല . 5-ാം നൂറ്റാണ്ടിൽ കിഴക്കുനിന്നും വന്ന തലമാക്കസ് എന്ന ഒരു സന്യസി നടുക്കളത്തിൽ ഇറങ്ങിനിന്നു ഈ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു, റോമാക്കാർ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നു ., എന്താണെങ്കിലും അദ്ദേഹ൦ രക്തസാക്ഷിയായതിനുശേഷം ഈ ക്രൂരവിനോദം അവിടെ അരങ്ങേറിയിട്ടില്ല അതിനുകാരണം വളർന്നു വന്ന ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യങ്ങൾ റോമക്കാരുടെ മനസുമാറ്റത്തിന് ഇടയായി . പിന്നീട് അനാഥമായ കൊളോസിയത്തിനു ഇടിമിന്നലിൽ സാരമായ പരിക്കേറ്റു. 13-ാം നൂറ്റാണ്ടിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഭാഗികമായി നാശം സംഭവിച്ച കൊളോസിയം ക്വറിയായും ശവക്കോട്ടയായും ഉപയോഗിച്ചു, സെയിന്റ് പീറ്റേഴ്സ് ബസലിക്ക പണിയുന്നതിന് കൊളോസിയത്തിലെ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത് .1749 ൽ പോപ്പ് ബെനഡിക്ട് പതിനാലാമൻ ക്രിസ്റ്റ്യൻ രക്തം വീണ പങ്കിലമായ കൊളോസിയത്തിലെ അങ്കത്തട്ടിൽ കുരിശു സ്ഥാപിക്കുകയും അവിടെനിന്നും കുരിശിന്റെ വഴി ആരംഭിക്കുകയും ചെയ്തു. അങ്ങനെ കൊളോസിയം വിശുദ്ധീകരിച്ചു . കൊളോസിയത്തിന്റെ പ്രാധാന്യത്തെ മനസിലാക്കിയ റോമാക്കാർ 1920 ൽ മുസോളിനിയുടെ നേതൃത്വത്തിൽ കൊളോസിയം പുനരുദ്ധീകരിച്ചു ലോകത്തിനു സമർപ്പിച്ചു. റോമൻ എഞ്ചിനിയറിംഗിന്റെയും ,ആർക്കിറ്റെച്ചറിന്റെയും ക്രൂരതയുടെയും പ്രതീകമായ ഈ മഹാ സൃഷ്ടി കാണാൻ 80 ലക്ഷത്തോളം ആളുകൾ ഒരു വർഷം റോമിൽ എത്തിച്ചേരുന്നു .

ഞാൻ ഇതു രണ്ടാം തവണയാണ് റോം സന്ദർശിക്കുന്നത്. ആദ്യം പോയത് 2010 ൽ ആയിരുന്നു അന്ന് കൂടുതലും കാണാൻ കഴിഞ്ഞത് ചരിത്രപ്രധാനമായ പള്ളികൾ ആയിരുന്നു. അന്ന് റോമൻ ഫോറവും കൊളോസിയവും കണ്ടിരുന്നുവെങ്കിലും കൂടുതൽ വിശദീകരിച്ചു കാണാൻ കഴിഞ്ഞിരുന്നില്ല ,കൂടാതെ ഫ്ലോറെൻസും , പിസയും ,കാണാൻ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടാണ് വീണ്ടും ഒരു യാത്രക്ക് തുനിഞ്ഞിറങ്ങിയത് . ഞങ്ങൾ റോമിൽ എത്തിയപ്പോൾ തന്നെ എന്റെ സഹയാത്രികൻ ജോസ് മാത്യുവിന്റെ സുഹൃത്തു ഷാന്റി ഞങ്ങളെ സ്വീകരിക്കുകയും വീട്ടിൽകൊണ്ടുപോയി ഭക്ഷണം നൽകുകയും യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

ഞങ്ങളുടെ പ്രധാന ഉദ്ദേശം ആദ്യ യാത്രയിൽ കാണാൻ കഴിയാതിരുന്ന റോമൻ ഫോറം നന്നായി കാണുക ടൈബർ നദിക്കു കുറുകെ ബിസി 62 -ൽ പണിത ഏറ്റവും പഴക്കം ചെന്ന പാലം , വിക്ടർ ഇമ്മാനുവേൽ മോണോമെന്റ്സ് അഥവ യുദ്ധ സ്മാരകം, , മുസോളിനി രണ്ടാം ലോകയുദ്ധ സമയത്തു ജനങ്ങളോട് സംസാരിച്ചിരുന്ന മുസോളിനി ബാൽക്കണി മുതലായവ കാണുക എന്നതായിരുന്നു . ഓപ്പൺ ബസിൽ ഇരുന്നു റോം മുഴുവൻ കണ്ടതിനു ശേഷമാണു ഞങ്ങൾ മുകളിൽ പറഞ്ഞ സ്ഥലങ്ങൾ വിശദമായി കണ്ടത് . സെയിന്റ് പീറ്റർ ബസലിക്കയും ഒരിക്കൽ കൂടി കണ്ടു ഞങ്ങൾ റോമിനോട് വിടപറഞ്ഞു