ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപതു വർഷങ്ങൾക്ക് മുൻപ് യുകെയിൽ നേഴ്‌സായി എത്തിയ മലയാളി ഷിലോ വര്‍ഗീസ് ഇന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വൈദികനായി മാറുന്നു. ബ്രിട്ടീഷ് അധികാര ശ്രേണിയില്‍ പോലും കൈകടത്താന്‍ പോലും അവകാശമുണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്. മുന്‍പ് മറ്റു ക്രിസ്ത്യന്‍ സഭകളില്‍ വൈദികര്‍ ആയിരുന്ന പല മലയാളികളും ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ചേർന്നിട്ടുണ്ടെകിലും ആദ്യമായാണ് ഒരു സാധാരണക്കാരന്‍ വൈദിക പട്ടത്തിലേക്ക് എത്തുന്നത്. നിലവിൽ ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പുമാരായി ഡോ. ജോണ്‍ പെരുമ്പല്ലത്, വര്‍ഗീസ് മലയില്‍ ലൂക്കോസ് എന്നീ രണ്ടു മലയാളികൾ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇതിന് തുടർകഥയായി മറ്റൊരു മലയാളി കൂടി ആ സ്ഥാനത്ത് എത്തുന്നു എന്ന ആകാംഷ ഉയര്‍ത്തിയാണ് നാളെ ഡീക്കന്‍ ഷിലോ വര്‍ഗീസ് വൈദികനായി സ്ഥാനമേല്‍ക്കുന്നത്.

ഡോ. ജോണ്‍ പെരുമ്പളത് ചെംസ്‌ഫോര്‍ഡില്‍ നിന്നും ലിവര്‍പൂളില്‍ ബിഷപ്പായി എത്തിയപ്പോള്‍ ആദ്യ ബിഷപ്പായി നിയമനം ലഭിച്ച ലാഫ്ബറോയില്‍ തന്നെ സേവനം ചെയ്യുകയാണ് വര്‍ഗീസ് മലയില്‍ ലൂക്കോസ്. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെയുള്ള 106 ബിഷപ്പുമാരുടെ കൂട്ടത്തിലേക്ക് രണ്ടു മലയാളികളെ തിരഞ്ഞെടുത്തത് മലയാളി സമൂഹത്തെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. പൂര്‍ണ പദവികളോടെ ഒരു ദേവാലയത്തിന്റെ ചുമതല സ്ഥാനത്തേക്ക് മാത്രമല്ല വൈദികനായി ഷിലോ നിയമിക്കപ്പെടുന്നത്, അനേകം സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഒക്കെയുള്ള സഭയിലേക്ക് അതിന്റെയെല്ലാം പങ്കാളിയായി സേവനം അനുഷ്ഠിക്കാനും ഷിലോക്ക് സാധിക്കും.

മലയാളി ക്രിസ്ത്യന്‍ വിശ്വാസികള്‍ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പള്ളികളില്‍ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു. പത്തനംതിട്ടയിലെ തടിയൂരിന് അടുത്ത വളക്കുഴി ഗ്രാമത്തില്‍ നിന്നാണ് ഷിലോ നേഴ്‌സിംഗ്‌ ജോലിക്കായി യുകെയിൽ എത്തിയത്. ഷിലോയുടെ ഭാര്യ ബിന്‍സിയും മക്കളായ അന്‍ജെലും ജ്യുവലും യുകെയിൽ തന്നെയാണുള്ളത്.