ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം. മലയാളി നഴ്‌സുമാര്‍ക്ക് കടയുടമ അവശ്യ വസ്തുക്കള്‍ നിഷേധിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീടൊഴിയാനും ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.

“ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാൽ സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്”, ഡൽഹിയിലെ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു.

ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത് താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. നഴ്‌സുമാരുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന പരാതിയുമുണ്ട്.