ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമായ കേരളത്തിൽ ആത്മഹത്യകൾ പെരുകുകയാണ്. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തികമായ സുസ്ഥിരത ഉള്ളവരും വരെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിൽ ആത്മഹത്യയുടെ വഴികൾ തിരഞ്ഞെടുക്കുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല .

ഡോ.ഷഹന മരിച്ച സംഭവത്തിൽ പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്.

‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.