യുഎസില്‍ ടെക്‌സസ് സിറ്റിയിലുള്ള സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 15 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്കിനുള്ളില്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിയിലെത്തിച്ചവരില്‍ പലരുടെയും ശരീരത്തില്‍ അടുത്ത് ചെല്ലാനാവാത്ത വിധം ചൂടായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ മേധാവി ചാള്‍സ് ഹൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്ത ട്രാക്ടര്‍ ആയിരുന്നുവെങ്കിലും ട്രക്കില്‍ പ്രവര്‍ത്തനപ്രദമായ എസിയോ കൂളറോ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ അത്യാഹിതമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്ത് നടക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളുണ്ട്.