ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്രൈവിംഗ് സ്കൂളുകളായ എഎ (AA)യും ബിഎസ്എം (BSM)യും ഓൺലൈൻ ബുക്കിംഗിൽ മറച്ചുവെച്ച ഫീസുകൾ ഈടാക്കിയ കേസിൽ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ നിർദേശം. ഏകദേശം 80,000 ലേണർ ഡ്രൈവർമാർക്ക് ആകെ £760,000 ഇവർ തിരിച്ചടയ്ക്കേണ്ടിവരും. പരിശീലനത്തിന്റെ ആകെ ഫീസ് മുൻകൂട്ടി വ്യക്തമാക്കാതിരിക്കുകയും ബുക്കിംഗ് ഘട്ടങ്ങളിൽ അധിക ഫീസ് ചേർക്കുകയും ചെയ്തതിനെ തുടർന്നാണ് കോമ്പറ്റിഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (CMA) അന്വേഷണം ആരംഭിച്ചത്. ഇതോടൊപ്പം ഓട്ടോമൊബൈൽ അസോസിയേഷൻ ഡെവലപ്മെന്റ്സിന് ഉപഭോക്തൃനിയമം ലംഘിച്ചതിന് £4.2 മില്യൺ പിഴയും ചുമത്തി.

2019 ഏപ്രിൽ മുതൽ ഡിസംബർ വരെ നടത്തിയ ഓൺലൈൻ ബുക്കിംഗുകളിൽ, പാഠങ്ങളുടെ പ്രാരംഭ വിലയിൽ നിർബന്ധമായ ബുക്കിംഗ് ഫീസ് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപഭോക്താക്കൾ ക്ലാസുകൾ തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകുന്ന അവസാന ഘട്ടത്തിൽ മാത്രമാണ് £3 ഫീസ് ചേർത്തിരുന്നത്. ‘ഡ്രിപ്പ് പ്രൈസിംഗ്’ എന്നറിയപ്പെടുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും കുറഞ്ഞ വില കാണിച്ച് ഉപഭോക്താക്കളെ ആകർഷിച്ച് പിന്നീട് ചെലവ് കൂട്ടുന്നതിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും CMA വ്യക്തമാക്കി.

ബാധിതരായ ഉപഭോക്താക്കൾക്ക് അവർ നൽകിയ ബുക്കിംഗ് ഫീസ് പൂർണ്ണമായി തിരികെ ലഭിക്കും; ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, എഎയും ബിഎസ്എയും നേരിട്ട് ബന്ധപ്പെട്ട് തുക നൽകും. അന്വേഷണ ഫലത്തിൽ നിരാശയുണ്ടെങ്കിലും അധികൃതരോട് പൂർണ സഹകരണം നൽകിയതായും സ്ഥാപനങ്ങൾ അറിയിച്ചു. ഓൺലൈൻ ബുക്കിംഗിന്റെ തുടക്കത്തിൽ തന്നെ ഫീസ് വ്യക്തമാക്കുന്ന വിധത്തിൽ വെബ്സൈറ്റ് പുതുക്കിയതായും അവർ വ്യക്തമാക്കി. ഇതേസമയം, ഓൺലൈൻ പ്രൈസിംഗുമായി ബന്ധപ്പെട്ട് മറ്റു എട്ട് സ്ഥാപനങ്ങളും സിഎംഎയുടെ നിരീക്ഷണത്തിലാണ്.











Leave a Reply