ഹൈക്കോടതി പരാമര്‍ശങ്ങളില്‍ വിഴിഞ്ഞം കരാറിലെ അഴിമതിയെപ്പറ്റി അന്വേഷണത്തിന് ആവശ്യമുണ്ടെന്നും ഇപ്പോള്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോപു (പൊതു മേഖലാ സ്ഥാപനങ്ങളുടെ സമിതി) ഉടന്‍ തീരുമാനമെടുക്കണമെന്നും ആംആദ്മി പാര്‍ട്ടി. വിഴിഞ്ഞം കരാറിലെ അഴിമതിയും സര്‍ക്കാരിന്റെ നഷ്ടങ്ങളും കരാറുകാരന്റെ അതിര് കവിഞ്ഞ നേട്ടങ്ങളും എല്ലാം പുറത്ത് കൊണ്ട് വന്ന, നിയമസഭക്ക് മുന്നില്‍ വെച്ച സി എ ജി റിപ്പോര്‍ട്ട് ഇപ്പോള്‍ കോപുവിന്റെ പരിഗണനയിലാണ്. കരാറിനെ സംബന്ധിച്ച ആം ആദ്മി പാര്‍ട്ടിയുടെ ആശങ്കകളും അതിനുമേല്‍ സമിതി കൈക്കൊള്ളണമെന്ന് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളും അടങ്ങിയ പരാധി കോപു ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു.

രേഖകളെല്ലാം സൂക്ഷ്മമായി പരിശോധിച്ച് താരതമ്യ പഠനം നടത്തിയുമാണ് സി എ ജി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. സംസ്ഥാനത്തെ ഉന്നത നീതി പീഠമായ ഹൈക്കോടതിയും സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ന്യായീകരിച്ചു കൊണ്ടുള്ള പരാമര്‍ശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിട്ട കേവലം ജുഡീഷ്യല്‍ അന്വേഷണം അല്ല ഈ വിഷയത്തില്‍ വേണ്ടത്. വിഴിഞ്ഞം കരാറില്‍ ഇത്തരത്തില്‍ അഴിമതി വന്നിട്ടുള്ളത് എങ്ങിനെയെന്ന് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോപുവിന്റെ തീരുമാനങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുവാനും കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാറിന് അനുകൂലമായി പുനര്‍നിര്‍ണയിക്കാന്‍ നിര്‍ബന്ധിതമാക്കുകയും വേണം.