റവന്യൂ നിയമങ്ങളനുസരിച്ച് നോട്ടിസ് നല്‍കുകയും ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ പ്രാദേശികമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഐക്യത്തോടെ രംഗത്ത് വന്ന് നിയമത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇക്കാലമത്രയും മൂന്നാറിലെ കൈയ്യേറ്റങ്ങളെ സഹായിച്ചു വന്നതെന്ന് ആംആദ്മി പാര്‍ട്ടി. രണ്ട് സെന്റും മൂന്ന് സെന്റും സ്ഥലങ്ങളില്‍ തങ്ങളുടെ വീടോ കടകളോ വെച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നവരെ ഒഴിപ്പിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കുത്തകപ്പാട്ടത്തിന്റെ പോലും അവകാശം ഇല്ലാതെ ഭൂമി കൈവശം വെച്ച് അതില്‍ റിസോര്‍ട്ട് നടത്തുന്നവരെ സംരക്ഷിക്കേണ്ടതില്ല.

ഇത്തരം കയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും അവ തമ്മിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുമാണ് മൂന്നാറിലെയും ഇടുക്കിയിലെയും കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതും യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം കിട്ടുന്നതിന് തടസ്സമാകുന്നതും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണം.

മുമ്പ് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കയ്യേറ്റങ്ങളായി റവന്യൂ വകുപ്പ് കണ്ടെത്തിയ 154 ഭൂമി ഇടപാടുകളില്‍ ഏതൊക്കെ ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട് എന്നാണ് സര്‍വ്വ കക്ഷി യോഗം തീരുമാനീക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു കയ്യേറ്റക്കാരനെയും ഒഴിപ്പിക്കേണ്ടതില്ല എന്ന തരത്തിലേക്ക് മൂന്നാറില്‍ എം എം മണിയും എ കെ മണിയും പ്രാദേശിക സിപിഐ നേതാക്കളും അടക്കം രംഗത്തു വരികയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കാര്യമായി ഇവര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് തന്നെ കരുതേണ്ടതുണ്ട്. അല്ലാത്ത പക്ഷം റവന്യൂ വകുപ്പ് നോട്ടിസ് നല്‍കി ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരു സര്‍വ്വ കക്ഷി യോഗം വിളിക്കരുതായിരുന്നു. ആ സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും റവന്യൂ മന്ത്രി വിട്ടു നിന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോള്‍ തെളിയുന്നത്.

ഇക്കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗം എന്ന പ്രഹസനത്തില്‍ വി വി ജോര്‍ജിന്റെ ഭൂമിയെ ഒഴിവാക്കാന്‍ വേണ്ട നീക്കങ്ങള്‍ ഉണ്ടായി. എന്നാല്‍ അഡ്വ ജനറലിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അത്തരം ഒരു തീരുമാനം ഉണ്ടാകാതിരുന്നത്. മൂന്നാറിലെ വി വി ജോര്‍ജിന്റെ ഭൂമി സര്‍ക്കാര്‍ ഭൂമി ആണെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി എടുത്ത നിലപാട് തീര്‍ത്തും തെറ്റാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ആ ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് ഹൈക്കോടതിയുടെ വിധി. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും എടുത്ത നടപടി ശ്‌ളാഘനീയം എന്ന് ആം ആദ്മി പാര്‍ട്ടി എന്നും കരുതിയിരുന്നു.

മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ വേണ്ട സ്വാതന്ത്ര്യം നിയമപരമായി റവന്യൂ വകുപ്പിന് ഉണ്ടായിരിക്കേണ്ടതാണ്. അതിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുകയും അവരെ അവിടുന്ന് ഓടിക്കുവാന്‍ ശ്രമിക്കുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ നിലക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം. എങ്കില്‍ മാത്രമേ നിയമവാഴ്ച എന്ന വാക്കിനു അര്‍ത്ഥം ഉണ്ടാവുകയുള്ളൂ. നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.