മദ്യവര്‍ജ്ജനം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ബാറുടമകള്‍ എടുത്ത കപട തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയായിരുന്നു എന്നുറപ്പാണ്. മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മദ്യലോബികളോടുള്ള സര്‍ക്കാരിന്റെ ബന്ധം തുറന്നുകാട്ടുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനസമൂഹം ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധിച്ചു. ഇതാണ് പഞ്ചായത്തുകളുടെ അധികാരം ഇല്ലാതാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അധികാര വികേന്ദ്രീകരണത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണി മദ്യലോബിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു.

ദേശീയപാതകളെ അങ്ങിനെയല്ലാതാക്കുന്ന വിധിയില്‍ സന്തോഷിക്കുന്ന ഒരു എക്‌സൈസ് മന്ത്രിയെയാണ് നാം കണ്ടത്. ടൂറിസം വികസനത്തിന് തടസ്സമായി നില്‍കുന്നത് മദ്യശാലകളുടെ കുറവാണ് എന്ന മന്ത്രിയുടെ പ്രസ്താവന അസത്യമാണ്. നാടാകെ നിറഞ്ഞിരിക്കുന്ന മാലിന്യവും പകര്‍ച്ചവ്യാധികളും ഗതാഗതക്കുരുക്കുകളും മറ്റുമാണ് ടൂറിസത്തെ ബാധിക്കുന്നത് എന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ല. മദ്യലോബിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഈ നയം സര്‍ക്കാര്‍ തിരുത്തണമെന്നും കേരളത്തിലെ മദ്യലഭ്യത കുറയ്ക്കാനും ജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.