സുനിൽ മറ്റക്കര
എന്നെ പരിചയപ്പെടുത്തിയില്ലെങ്കിൽ നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല കാരണം കുറച്ചുനാൾ മുൻപ് ഇഹലോകവാസം വെടിഞ്ഞു പരലോകം പൂകുവാനാവാതെ അലഞ്ഞു തിരിയുന്ന ഒരാത്മാവാണ് ഞാൻ.എനിക്ക് എന്റെ പൂർവ്വ ജന്മത്തിലെ രൂപം പ്രാപിക്കുവാനും അരൂപിയാകുവാനും സാധിക്കും .നിങ്ങൾ ഈ യക്ഷി ഗന്ധർവ്വാദികളെ കുറിച്ചൊക്കെ കേട്ടിട്ടില്ലേ ഏതാണ്ട് അതുപോലെ .ഭൂമിയിലെ സാധാരണ ജനങ്ങൾക്കുള്ള എല്ലാ വികാര വിചാരാദികളും വിശപ്പും ദാഹവും ഒക്കെ ഗതികിട്ടാതെ അലയുന്ന എന്നെപ്പോലെയുള്ള ആത്മാക്കൾക്കുണ്ട് .പല ആത്മാക്കളും സാധാരണ ജനങ്ങളെ ഭയപ്പെടുത്തേണ്ട എന്ന് കരുതി അരൂപിയായി വർത്തിക്കാനാണ് ഇഷ്ടപ്പെടുന്നത് .ഞാൻ ആണെങ്കിൽ പലതവണ സ്വർഗ്ഗ ,നരക കോർപ്പറേഷനുകളിൽ പ്രവേശനത്തിനു അപേക്ഷകൾ സമർപ്പിച്ചിട്ടും യാതൊരുവിധത്തിലും സ്വീകരിക്കാതെ, ഇഹലോകത്തിലെ വില്ലജ് ഓഫീസിലെ കാര്യങ്ങൾ പോലെ തൊടുന്യായങ്ങൾ പറഞ്ഞു തള്ളിനീക്കുന്നു, യമപുരിയിൽ അക്ഷയസെന്ററുകൾ ഇല്ലാത്തതുകൊണ്ട് അങ്ങോട്ടുപോകുവാനോ അപേക്ഷകൊടുക്കാനോ പിന്നെ അത് സ്വീകരിച്ചതിന്റെ സന്ദേശം ഫോണിലൂടെ നോക്കി ആത്മസായൂജ്യം അടയേണ്ട ഗതികേടൊന്നും യമലോകത്തില്ല .ഭൂമിയിൽ ആണെങ്കിലോ മോക്ഷപ്രാപ്തി കിട്ടാത്ത ആത്മാവിന്റെ ശല്യം ഉണ്ടെന്നും പറഞ്ഞു അലഞ്ഞു തിരിയുന്ന ആത്മാവിനെ വേട്ടയാടുന്ന ചടങ്ങുകൾ നടക്കുന്നു ,ആവാഹനങ്ങൾ ,പൂജകൾ വേട്ടക്കാരായ മന്ത്രവാദിയും പരികർമ്മിയും ,ആത്മാവ് കുടത്തിൽ കേറിയോ ഇല്ലയോ എന്ന് നോക്കുവാൻ കവടിപ്പലകയുമായി ഒരു ജോത്സ്യനും. ആവാഹന മന്ത്രങ്ങൾ മുഴക്കി അവർ വലവിരിച്ചുതുടങ്ങി ,
ഞാനാരാ മോൻ അവിടം വരെ ചെന്ന് അവരുടെ കലാപരിപാടികൾ കണ്ടുരസിക്കും.കുറച്ചു തെള്ളിപ്പൊടിയും ,വരിക്കപ്ലാവിന്റെ വിറകും ,പൂജാദ്രവ്യങ്ങളും ചിലവാകും പിന്നെ പൂജാരിക്കും ജോത്സ്യനും കുറച്ചു പണവും ലഭിക്കും, ഒടുവിൽ വീടിന്റെ സീലിങ്ങിൽ കുറച്ചു കരിയും പുകയും ബാക്കി ആകും. ഞാൻ ഇങ്ങനെ അവിടെയും ഇല്ല ഇവിടെയും ഇല്ല ശരിക്കും പറഞ്ഞാൽ ത്രിശങ്കുവിൽ ആയി നടക്കുന്ന കാലം .എന്റെ കൂടെ പഠിച്ചിരുന്ന ഒരു വിദ്വാൻ ശാസ്ത്രജ്ഞൻ ആണേ ,അദ്ദേഹം ഇപ്പോൾ പരേതാത്മാക്കളെക്കുറിച്ചുള്ള പഠനത്തിലാണെന്നു കേട്ടു ,പക്ഷെ അദ്ദേഹത്തിന് ഒരെത്തുംപിടിയും കിട്ടുന്നില്ല എന്നാണറിവ് ,ചിന്തിച്ചു ചിന്തിച്ചു തല ചൂടാക്കി മുടിയുടെ പകുതിയും കൊഴിഞ്ഞു ,ആ കാഴ്ച എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി ,അദ്ദേഹം ഇതിനുവേണ്ടി അല്ലറ ചില്ലറ മന്ത്രവാദികളുടെയും ജ്യോതിഷികളുടെയും പിന്നാലെ പോകുന്നുണ്ടെന്നാണ് പിന്നാമ്പുറസംസാരം ,പക്ഷെ പുള്ളി തികച്ചും നിരീശ്വരവാദിയും വിപ്ലവ ചിന്തകനും ആണെന്നാണ് സ്വയം അവകാശപ്പെടുന്നത് .
അദ്ദേഹത്തെ ഈ ചിന്തയിൽ നിന്നും മുക്തനാക്കി സാധാരണ ചിന്തയിലേക്ക് പറിച്ചു നടുവാൻ ഞാൻ നേരിട്ട് അങ്ങട് പ്രക്ത്യക്ഷപ്പെടാം എന്ന് വിചാരിച്ചു .ഒരു പരേതാത്മാവ് നേരിട്ട് അതിന്റെ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുമ്പോൾ അതിൽ സംശയം ഒന്നും തോന്നേണ്ടകാര്യമൊന്നും ഇല്ല. അല്ലാണ്ട് ഏഴുമണി ചർച്ചക്ക് ഏതെങ്കിലും അടുക്കളക്കാര്യം എടുത്തിട്ട് അലക്കുമ്പോൾ ഇവിടുത്തെ ചില രാക്ഷ്ട്രീയ പ്രതിനിധികൾ എന്റെകൈയിൽ തെളിവുണ്ടെന്ന് അലറി വിളിക്കുന്നപോലെയല്ലല്ലല്ലോ ഇത് .രണ്ടും കൽപ്പിച്ചു ഞാൻ അദ്ദേഹത്തിന്റെ നാടായ വട്ടക്കുളം എന്ന ഗ്രാമത്തിലേക്ക് തിരിച്ചു പരിചയക്കാർ നന്നേ കുറവാണ്, പണ്ടേ ഇവിടം വിട്ടുപോയ ആളല്ലേ ഞാൻ .ഈ സ്ഥലവും ആയി എനിക്ക് നല്ല ബന്ധം ഉണ്ട് കേട്ടോ എന്റെ പത്താം തരെയുള്ള പഠനം ഇവിടായിരുന്നു ,പഠനം പേരിലെ ഉള്ളു കേട്ടോ പഠിച്ചോ എന്ന് ചോദിച്ചാൽ ഉരം കൊണ്ട് മറുപടിപറയാൻ പറ്റുകയുള്ളു ,എന്റെ ബന്ധുജനങ്ങൾ ധാരാളം ഉള്ള ഇടം ,പച്ച പുതച്ച പാടങ്ങൾ ,തോടുകൾ ,പഴമയുടെ ഗന്ധം വിട്ടുമാറാത്ത ഒരു ഗ്രാമം, നാട്ടിൽ നെടുകയും കുറുകയും കരി നാഗങ്ങളെപ്പോലെ വളഞ്ഞും പുളഞ്ഞും പോകുന്ന വഴിത്താരകൾ ഉണ്ടായിട്ടും ഈ നാട്ടിലെ പഴമയെ സ്നേഹിക്കുന്ന നാട്ടുകാർ ഇന്നും ചെമ്മൺ പാതകളെ സ്നേഹിക്കുന്നു ,ഇതൊക്കെ പഴയ പടി നില നിർത്തിക്കൊണ്ടുപോകുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ പൗരാണിക മൂല്യ സംരക്ഷണത്തെക്കുറിച്ചുള്ള അപാരമായ അറിവിനെ ശ്ലാഖിച്ചെ പറ്റൂ ,അഞ്ഞൂറ് കൊല്ലം മുൻപ് മരിച്ച ആൾ തിരിച്ചുവന്നാലും ഈ ഗ്രാമത്തിലെ ഓരോ മുക്കും മൂലയും തിരിച്ചറിയാൻ പറ്റും ,ഒരു മാറ്റവും കൂടാതെ അവർ കാത്തു സൂക്ഷിക്കുന്നു .ഗ്രാമ ചരിത്രം വഴിയേ വിവരിക്കാം ,എന്റെ ലക്ഷ്യം സാധൂകരിക്കാൻ എനിക്കല്പം തിടുക്കം ഉണ്ടേ ,വട്ടക്കുളം എന്ന ഗ്രാമത്തിലെ ഒരു ബാലികേറാമലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ കേന്ദ്രം .
അദ്ദേഹത്തിനെ ആസ്ഥാനത്തേക്ക് മെല്ലെ നടന്നു ,നമ്മുടെ ശാസ്ത്രജ്ഞൻ പണ്ടേ ചിന്താ ശീലൻ ആയിരുന്നു ,എപ്പോഴും ഒരു കൈ തലയിൽ ആയിരിക്കും , തലയും ചൊറിഞ്ഞോണ്ട് ഒറ്റ ഇരിപ്പാണ് ,ഞാൻ ഉമ്മറത്തെത്തി ,മുരടനക്കി യാതൊരു അനക്കവും ഇല്ല ,വാതിൽ തുറന്നു കിടക്കുന്നു ,അകത്തേക്ക് തലയിട്ടു നോക്കി ആരെയുംകാണുന്നില്ല എന്തായാലും രണ്ടും കൽപ്പിച്ചു ഉള്ളിലേക്ക് കയറി അദ്ദേഹം മേശയിൽ തലയും ചായ്ച്ചു ഉറങ്ങുന്നു ,എനിക്ക് വല്ലാണ്ട് ദാഹമുണ്ടായിരുന്നു മേശമേൽ കട്ടൻ ചായപോലെ ഒരുദ്രാവകം ഇരിക്കുന്നു ,എന്തും വരട്ടെ എന്ന് വിചാരിച്ചു ,ചോദിക്കാതെ എടുത്തു ഒറ്റവലിക്ക് കുടിച്ചു ,ഹോ വല്ലാത്ത ഒരു കയ്പ്പും പുകച്ചിലും ,എന്താ ഇത് ഇവിടിപ്പോ ചായേടെ രുചിയൊക്കെ മാറിയോ ,ഓഹ് ഇപ്പോഴാ ഓർത്തത് ചിന്തകർ ചിന്തക്ക് മൂർച്ചകൂട്ടുവാൻ പ്രത്യേക തരം ചായ കുടിക്കുന്നകാര്യം .എന്തോ തലക്കൊക്കെ ഒരു പെരുപ്പ് ,കാഴ്ചക്ക് ചെറിയ നിഴൽ വീഴുന്നതുപോലെ തോന്നുന്നു .ഇത്ര ഒക്കെ സംഭവിച്ചിട്ടും നമ്മുടെ സർ ഉണർന്നില്ല എന്തും വരട്ടെ എന്ന് വിചാരിച്ചു തോളിൽ പിടിച്ചു കുലുക്കി ,ഒരു ഞെട്ടലോടെ മഹാൻ കണ്ണു തുറന്നു എന്നെ അത്ഭുതത്തോടെ നോക്കി ,സ്വതവേ തുറിച്ചകണ്ണുകൾ ഉള്ള ആളുടെ കണ്ണുകൾ ഒന്നുകൂടി വെളിയിലേക്കു വന്നു .ഞാനും ചെറുതായി ഒന്ന് വിരണ്ടു ,ആത്മാവാണെന്നു വെച്ച് ഭയം ഇല്ലാണ്ടിരിക്കില്ലല്ലോ ,പരലോകത്തേക്കു വിസയും തന്നു പറഞ്ഞു വിട്ടതല്ലേ ,അപ്പൊ ഞാൻ ഇവിടെ വരത്തൻ ,ക്ഷമിക്കണം ഇപ്പോൾ കേരളത്തിൽ വരത്തൻ ഇല്ല ,അഥിതി എന്നതിന്റെ അർഥം അറിയാത്തവന്മാർ വരത്തന്മാരെയും അതിഥി എന്ന് വിളിച്ചുതുടങ്ങി എന്ന് കേട്ടിരിക്കണു .എന്നിരുന്നാലും നമ്മളെ അതിഥി ആത്മാവ് എന്നൊക്കെ വിളിച്ചു ബ്രഡും മുട്ടക്കറീം ആരും വിളമ്പില്ല എന്നൊക്കെ അറിയാം .പുള്ളി മൂരി നിവർത്തി തലയൊന്നു കുലുക്കി സാധാരണ നിലയിലേക്ക് മെല്ലെ വന്നു. .
നീയോ ? നീ ഇവിടെ ?എങ്ങിനെ ?
പുള്ളിയുടെ മുഖത്ത് ഭയത്തിന്റെ ഒരു മിന്നലാട്ടം ഞാൻ കണ്ടു ,എന്റെ സഞ്ചയനത്തിനു വയറു വാടകക്കെടുത്തുവന്നു മൂക്ക് മുട്ടെ ഇഡ്ഡലിയും വടയും തട്ടിയത് അദ്ദേഹത്തിന്റെ ഓർമയുടെ ചെപ്പു തള്ളിത്തുറന്നു പുറത്തേക്കു വന്നു എന്ന് തോന്നുന്നു .പെട്ടെന്ന് ഒന്ന് ഞെട്ടി പുറകോട്ടു മാറി .
സുഹൃത്തേ പേടിക്കേണ്ട, നിങ്ങൾ ഉദ്ദേശിച്ച ആ പഴയ ചങ്ങാതി തന്നെയാണ് ഞാൻ .
അപ്പൊ നീ ….നീ അല്ലെ ഇന്നാള് മരിച്ചത് .ചുണ്ടുകൾ വിറയാർന്നു വാക്കുകൾക്ക് ഇടർച്ച
അതെ ഇതെന്റെ രണ്ടാം വരവാണ് കൂട്ടുകാരാ ,സ്വതവേ സംശയാലു ആയ അദ്ദേഹം സംശയംകൂറി .
അങ്ങേർ ആത്മഗതം പറഞ്ഞു ഇങ്ങനെ ഒക്കെ നടക്കുവോ ആവോ? കാര്യങ്ങൾ ഒക്കെ ഞാൻ വിശദീകരിച്ചു ,വിശ്വാസം വരാതെ ആ മഹാൻ എന്നെ തള്ളി പുറത്താക്കി വാതിലിനു കുറ്റിയിട്ടു .അയാൾ ദീർഘനിശ്വാസം വിടുന്ന ശബ്ദം വെളിയിൽ കേൾക്കാമായിരുന്നു.ഈ മുതലാണ് ആത്മാവിനെക്കുറിച്ചു പഠിക്കാൻ നടക്കുന്നത് എന്ന് ആത്മഗതം പറഞ്ഞു ഒരു ചെറു ചിരിയോടെ ഞാൻ വെളിയിലേക്കു നടന്നു .ആ കട്ടൻ ചായ യാതൊരു അലിവുമില്ലാതെ എന്റെ തലക്കുള്ളിൽ പ്രവർത്തനം തുടർന്നുകൊണ്ടേയിരുന്നു തലയുടെ ഭാരം കൂടി,തല വേദനയും തുടങ്ങി .അതിനെക്കുറിച്ചു ഒന്ന് ചോദിക്കാൻ പോലും ആ ബുദ്ധിജീവി എന്നെ അനുവദിച്ചില്ല ,അയാളെ വിധിക്കു വിട്ടുകൊടുത്തുകൊണ്ടു കുന്നിറങ്ങി താഴ്വാരത്തിലേക്കു നടന്നു ,പരിചിത മുഖങ്ങൾ ഒന്നുംകണ്ടില്ല ,നല്ല ചൂട് ,ആത്മാവിനും ചൂടോ എന്ന സംശയം നിങ്ങളിൽ ഉണ്ടാവും ,ഭൂമിയിൽ ഉള്ള ആളുകൾക്കുള്ള എല്ലാ വികാരങ്ങളും ആത്മാവിനും ഉണ്ട് കേട്ടോ .പച്ചമരുന്നുകൾ കൊണ്ട് എണ്ണ കാച്ചുന്ന ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി ,ആ നാട്ടിലെ ഏക ആതുരാലയത്തിൽ എണ്ണയുണ്ടാക്കുന്ന മണം ആണ്. ആനാട്ടിലെ വികസനത്തിന്റെ തിലക കുറികൾ ആയി തല ഉയർത്തി നിൽക്കുന്ന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ആയ പോസ്റ്റ് ഓഫീസ് സഹകരണ ധനകാര്യ സ്ഥാപനം ,സർക്കാർ അംഗനവാടി ഇവയെ ഒക്കെ മറികടന്നു മുന്നോട്ടു നടക്കവേ പണ്ട് പഠിച്ച വിദ്യാലയ മുത്തശ്ശി പ്രൗഢി ഒട്ടും കുറയാത്ത രീതിയിൽ തല ഉയർത്തി നിൽക്കുന്നു.ചൂടും പരവേശവും കൊണ്ട് പൊറുതിമുട്ടിയ ഞാൻ ,ഒരുത്തനെ സഹായിക്കാൻ ഇറങ്ങിയ നിമിഷത്തെ പഴിച്ചു.അയാൾ തലയിലെ മുടി മുഴുവനും പറിച്ചെടുത്തു എണ്ണിത്തീർത്താലും ആത്മാവിനെക്കുറിച്ചു ഒരു ചുക്കും പഠിക്കാൻ പോകുന്നില്ല എന്ന ശാപവും ചൊരിഞ്ഞു.
വിശപ്പ് വേട്ടയാടി തുടങ്ങി ,ആ നാട്ടിലെ അതിപുരാതന സംസ്കൃതിയുടെ ശേഷിപ്പായ മൂന്നു നാല് ചായക്കടകളിൽ ഏറ്റവും പഴയ കട ,നടകൾ കയറി കടയുടെ തിണ്ണയിൽ എത്തി ,ബെഞ്ചാണ് ഇരിപ്പിടങ്ങൾ ,അടുത്തുകണ്ട ഒരു ബെഞ്ചിൽ ഞാൻ ഇരിപ്പുറപ്പിച്ചു ,അടുത്ത ബെഞ്ചുകളിൽ ഇരുന്നവർ അപരിചിതത്വത്തോടെ എന്നെ നോക്കി ,ഇവൻ ഏതാ എന്ന ചോദ്യം ഉള്ളിൽ ഉണ്ടാവും എന്നാലും ആരും ഒന്നുംചോദിച്ചില്ല ,പഴയകാല ജയൻ സിനിമകളുടെ പോസ്റ്ററുകൾ കടയുടെ ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് ,അവയുടെ പുതുമ ഒട്ടും കെട്ടിട്ടില്ല .മൗനം തളംകെട്ടിനിൽക്കുന്ന അന്തരീക്ഷം . അവിടെ സൃഷ്ടി, സ്ഥിതി, സംഹാരം, എന്ന് പറഞ്ഞതുപോലെ ഉണ്ടാക്കുന്നതും ,വിതരണം ചെയ്യുന്നതും പണംവാങ്ങുന്നതും എല്ലാം ഒരാൾ മാത്രം .
ചേട്ടാ എന്താണ് കഴിക്കാൻ ഉള്ളത് ?
ഇഡ്ഡലിയും നല്ല ചൂട് പരിപ്പുവടയുമുണ്ട് എന്നു കടയുടമയായ ചേട്ടൻ .
ഇതിനിടയിൽ പുകവലി പാടില്ല എന്ന മുന്നറിയിപ്പ് ബോർഡ് സിമന്റ് പൂശാത്ത ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു .ഇതിന്റെ തമാശ എത്രയോ ഭീകരമാണ് ,ഇതിലും മാരക നശീകരണ ശേഷിയുള്ള മയക്കുമരുന്നുകൾ ,കീട നാശിനികൾ അടിച്ച ആഹാര സാധനങ്ങൾ ,ഇതൊക്കെ വലിച്ചു കേറ്റി പ്രായഭേദമില്ലാതെ ജനങ്ങൾ പരലോകത്തേക്കു തള്ളിക്കയറുന്നു എന്ന് യമലോകം ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നത് കണ്ടായിരുന്നു .ഇവിടുത്തെ ഭരണാധികാരികൾ മുന്നറിയിപ്പ് ബോർഡ് വെച്ചാൽ എല്ലാം ശരിയാകും എന്നുകരുതി നിർജീവിതയെ പുണരുന്നു .കൊടും വളവുകളിൽ വളവുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വെക്കും എന്നാൽ വളവു നിവർത്തുവാൻ ഉള്ള ഒരു പണിയും ചെയ്യില്ല . ബോർഡ് വെച്ച് അപകടങ്ങളെ തുരത്തുന്ന ലോകത്തിലെ ഏക സ്ഥലം കേരളം ആണോന്നു ചോദിച്ചാൽ അറിയില്ല ,നമ്മുടെ ആഗോള സഞ്ചാരം നടത്തുന്ന അദ്ദേഹത്തോട് ചോദിച്ചാൽ പുള്ളി ഡ്രൈവർ ഫ്രഡ്ഡിയോടു ചോദിച്ചിട്ടാണെങ്കിലും ശരിയായ ഉത്തരം തരും. . എന്തായാലുംഇഡ്ഢലിയും വടയും ആവശ്യപ്പെട്ടു ,ഇഡ്ഡലിയുടെ മുകളിലൂടെ ചുവന്ന ചമ്മന്തി ഒഴുകി ഇറങ്ങി ,ഇഡ്ഡലിയും കഴിച്ചു ചായയും കുടിച്ചു. പണം കൊടുത്തു പുറത്തേക്കു ഇറങ്ങി .താൽക്കാലിക ചിലവിനുള്ള പണമൊക്കെ ഞാൻ തരമാക്കി വെച്ചിരുന്നു ,അതുകൊണ്ടു ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടക്കുന്നു .താഴേക്ക് നോക്കിയപ്പോൾ സൈക്കിൾ വാടകക്ക് കൊടുക്കുന്ന ഒരു കട കണ്ടു പരിചിത ഭാവത്തോടെ ഉടമയെ സമീപിച്ചു ,ചേട്ടാ ഒരു നാല് മണിക്കൂർ നേരത്തേക്ക് ഒരു സൈക്കിൾ തരുമോ ?
ആയാൾ പുരികക്കൊടി ഉയർത്തി എന്നെ ഒന്ന് നോക്കി,ആരാ,എവിടുന്നാ?
ഞാൻ ഒരു പേര് പറഞ്ഞു ,ആത്മാവാണെന്നതുകൊണ്ടു ചെറിയ ഒരു കൺകെട്ടൊക്കെ കാണിച്ചു അദ്ദേഹത്തെ വിശ്വസിപ്പിച്ചു . വൈകരുത് വേഗം കൊണ്ടുവന്നു തന്നേക്കണം എന്ന ഉഗ്രശാസനം
ഓക്കേ പറഞ്ഞു ഞാൻ സൈക്കിളുമായി ചെമ്മൺ പാതയിലൂടെ തെക്കോട്ടു ചവിട്ടി ,വളരെക്കാലമായി വ്യായാമം ഒന്നുമില്ലാത്തതുകൊണ്ടു കാലിന്റെ മസിലുകൾക്ക് ഒരു പിടുത്തം, കാൽനടയാത്രികർ ധാരാളമായി ഉള്ള കാലത്തു സാധനങ്ങൾ തലച്ചുമടായി ആണ് കൊണ്ടുപോയിരുന്നത് ,അവർ നടന്നു ക്ഷീണിക്കുമ്പോൾ സാധനങ്ങൾ ഇറക്കി വെക്കുവാനും പരസഹായമില്ലാതെ തിരികെ തലയിലേറ്റുവാനും തക്ക രീതിയിൽ രണ്ടു കരിങ്കൽ തൂണുകൾ നാട്ടി നിർത്തി അതിനുമുകളിൽ മറ്റൊരുകല്ലു വെച്ചുള്ള ഒരു കലാ ശിൽപം ഇത് കേരളത്തിലെ പലയിടങ്ങളിലും കാണുവാൻ സാധിച്ചിട്ടുണ്ട് .ഇളപ്പുകല്ലെന്ന ഓമനപ്പേരിൽ ആണ് അറിയപ്പെടുന്നത് ,ഇളപ്പുങ്കൽ എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് ,ഇതേപോലെ സാമ്യമുള്ള ശില്പങ്ങൾ കടവന്ത്ര “ജി സി ഡി എ” ഓഫീസിന്റെ അങ്കണത്തിൽ കണ്ടിട്ടുണ്ട് അത് ഇളപ്പുകല്ലൊന്നുമല്ല കേട്ടോ ,അതിമനോഹരമായ ശില്പങ്ങൾ ആണ് .ആ ഇളപ്പുങ്കലും കടന്നു മുന്നോട്ടു പോയി കാളച്ചന്ത എന്ന സ്ഥലത്തു എത്തി .അവിടെ കഴിഞ്ഞകാലങ്ങളിൽ കാർഷിക വൃത്തിക്കായി മൃഗങ്ങളെ കൈമാറ്റം ചെയ്തിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ടു ഈ സ്ഥലനാമം കാളച്ചന്ത എന്നായിമാറി . അവിടവും കടന്നു വലിയ ഒരാലിന്റെ പേരിൽ ഉള്ള സ്ഥലവും കഴിഞ്ഞു മുന്നോട്ടുപോയി ,ഇത് വഴി വന്നിട്ട് കാലം ഒരുപാടായിട്ടും അപരിചിതത്വം ഒട്ടും തോന്നിയില്ല .വളവുകളും തിരിവുകളും ഉള്ള റോഡ് ,റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ഭയം തോന്നിപ്പിക്കും തരത്തിൽ വിജനമായ പ്രേദേശം.
നേരം കുറച്ചായി ,അന്തിവെയിൽ ചാഞ്ഞുതുടങ്ങി ,സൂര്യൻ പടിഞ്ഞാറിനെ ലക്ഷ്യമാക്കി യാത്രതുടർന്നു ,ഞാൻ സൈക്കിൾ തിരിച്ചു ,സൈക്കിൾ കടക്കാരനോട് പറഞ്ഞ സമയം അതിക്രമിച്ചു, .തുടങ്ങിയ സ്ഥാനത്തേക്ക് മടക്ക യാത്രതുടർന്നു ,സൈക്കിൾ ആഞ്ഞു ചവിട്ടി കയറ്റിയിറങ്ങൾ വളരെ ക്ലേശകരമായിരുന്നു . അങ്ങിനെ വന്നു വന്നു മുത്തശ്ശി പള്ളിക്കൂടത്തിന്റെ മൈതാനത്തു എത്തി, .എന്നെക്കാളും മുന്നേ മരിച്ചവർക്കു വേണ്ടി പണിത കല്ലറ എന്ന് തോന്നിക്കും വിധം പള്ളിക്കൂടത്തിന്റെ പിന്നാമ്പുറത്തുള്ള കളിസ്ഥലത്തിൽ ഗാലറിക്കുവേണ്ടി കെട്ടിയിട്ട കൽഭിത്തികൾ എന്നെ നോക്കി പല്ലിളിച്ചു ,ഹോ ഭീകരം പഴക്കം ചെന്ന തലയോട്ടിയുടേതുപോലെ പല്ല് ഉന്തി നിൽക്കുന്ന കരിങ്കല്ലുകൾ , ആ കാഴ്ച എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു .ചെറിയ ഒരു ഇടവഴിയിലൂടെ സ്കൂളിന്റെ മുറ്റത്തെത്തി ,ഉപയോഗം ഇല്ലാതെ മുഴുവനും കാടുപിടിച്ചു കിടക്കുന്നു , ശൗചാലയം കണ്ടപ്പോൾ ,ഏതോ ഒരുജില്ലയിലെ സർക്കാർ ക്വാർട്ടേഴ്സ് പെട്ടെന്നോർമ്മയിൽ വന്നു , തുറന്നുകിടക്കുന്ന ക്ലാസ്റൂമുകൾ ,കാറ്റും വെളിച്ചവും ധാരാളം കയറുന്ന സ്കൂൾ കെട്ടിടം ,അവിടെ നിന്ന് പടിഞ്ഞാറോട്ടു നോക്കി ,വഴിക്കപ്പുറത്തു പണ്ട് ഒരു പഞ്ചായത്തു കിണർ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടോ ആവോ നോക്കാൻ മിനക്കെട്ടില്ല ,സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവെന്ന് കേട്ടു ,പ്രതാപകാലത്തു നൂറുകണക്കിന് കുട്ടികളെ ചൂരൽത്തുമ്പിൽ നിർത്തിയിരുന്ന മഹാസ്ഥാപനം കിടക്കുന്ന കിടപ്പുകണ്ടോ?
എന്തായാലും തിരിച്ചു പോയേക്കാം, കൂട്ടുകാരനെ സഹായിക്കാൻ വന്നു, അയാൾ ചവിട്ടി പുറത്താക്കിയ സ്ഥിതിക്ക് പോകുവാൻ ഇടമില്ലാത്ത ഞാൻ അസ്വസ്ഥനായി ,എന്തായാലും ഇനി പ്രകാശത്തെ വിലയം പ്രാപിച്ചേക്കാം ,യമപുരിയെ ഒന്നുകൂടി സമീപിച്ചു നോക്കാം എന്ന് കരുതി അടുത്തു കണ്ട പാടത്തേക്കിറങ്ങി ,കൈകൂപ്പി പ്രാർത്ഥനാനിരതനായി ,എന്നെ വേണ്ടാത്തവർക്കുവേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നത് ,നിരാശ എന്നെ വേട്ടയാടുക മാത്രമല്ല ക്ഷീണിപ്പിക്കുകയും ചെയ്തു . അനന്തമായ പ്രകാശത്തിൽ വിലയം പ്രാപിക്കുവാനുളള തയ്യാറെടുപ്പിൽ ആണ് ,അതിന്റെ അവാച്യമായ അനുഭൂതി നുകരുകയാണ് .ഒരു പക്ഷെ ഞാൻ പ്രകാശവും ആയി ലയിച്ചതിനു ശേഷം നിങ്ങൾ എന്നെ വിശുദ്ധനാക്കി ദൈവത്തിന്റെ നിലയിലേക്ക് ഉയർത്തിയേക്കും ,എന്നിട്ടു എനിക്കുവേണ്ടി വാഴ്ത്തുപാട്ടുകൾ ചമക്കുകയും ,നുണക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്യും എന്ന് എന്റെ പൂർവകാല ജീവിതാനുഭവങ്ങളിൽ നിന്നും പഠിച്ചിട്ടുണ്ട് . പട്ടിണി കിടന്നു മരിച്ചവനെ ചോറിൽ കുഴിച്ചിട്ടിട്ടു അനുശോചനം കൂടി പട്ടിണിയുടെ സാഹചര്യത്തെപ്പറ്റി വിലപിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നവർ, അതേ മനുഷ്യൻ പട്ടിണി കിടന്നപ്പോൾ ഒരുപിടി ചോറ് കൊടുത്തിരുന്നുവെങ്കിൽ അയാൾ മരിക്കില്ല എന്ന സത്യം ബോധ പൂർവ്വം മറച്ചുവെച്ചു ചോറിൽ കുഴിച്ചിട്ടു, ആ പാപകർമ്മത്തിന്നു പരിഹാരം തേടുന്ന മനുഷ്യവർഗം അതും പോരാഞ്ഞു കർമ്മ ദോഷ
പരിഹാരാർത്ഥം ജോത്സ്യരുടെ കവടിപ്പലകക്കു മുന്നിൽ പോയി ക്യൂ നിൽക്കുന്ന പൗരപ്രമാണിമാരെ ഞാൻ കണ്ടിട്ടുണ്ട് .ആ ആ ജോത്സ്യരുടെ നല്ലകാലം അങ്ങേർക്കും ജീവിക്കേണ്ടേ അല്ലെ ?അതിരാവിലെ പ്രകാശ ഗോപുര വാതിൽക്കൽ എത്തി വിലയം പ്രാപിക്കുവാനുള്ള തിടുക്കം എന്നെ അസ്വസ്ഥനാക്കി കൊണ്ടേയിരുന്നു .കൊച്ചു വെളുപ്പാൻകാലത്തു വാതിലിന്റെ ഇരുവശങ്ങളിലും ആയി കുത്തിയിരുന്നു കൂർക്കം വലിക്കുന്ന ദ്വാരപാലകർ ,ഞാൻ ഒന്ന് മുരടനക്കി എന്റെ വരവിനെ അറിയിക്കാം എന്ന് വെച്ചു രക്ഷയില്ല ,ആഞ്ഞൊന്നു ചുമച്ചു ,കൊറോണയുടെ കാലം ആയതിനാൽ ചുമ കേട്ടതോടെ ഇരുവരും ഞെട്ടി എഴുനേറ്റു ,കണ്ണ് തിരുമ്മി ദേഷ്യത്തോടെ എന്നെ നോക്കി ,ഏതാ ഈ വസൂരി ഉറങ്ങാനും സമ്മതിക്കില്ല.
ഒരാൾ എന്നോട് ചോദിച്ചു നീ ഏതാണ് ?എന്തിനു വന്നു ?
വള്ളി പുള്ളി വിസർഗ്ഗം വിടാതെ ഒറ്റ ശ്വാസത്തിൽ എന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി .ഒരു ചെറു ചിരിയോടെ രണ്ടാമത്തെ കാവൽക്കാരൻ വാതിലുകൾ നിർദ്ദയം കൊട്ടിയടച്ചു. എന്നിലെ രക്തം തിളച്ചു ,വിപ്ലവം കലർന്ന രക്തമാണല്ലോ നമ്മുടേത് ,ബൊളീവിയൻ കാടുകളിലെ പോരാളി ചെഗുവേരയെ സ്വപ്നം കണ്ടനാളുകൾ ,കൊണ്ടപ്പള്ളി സീതാരാമയ്യയും ,കുന്നിക്കൽ നാരായണനും ,വർഗീസും ഒക്കെ ആരാധ്യ പുരുഷന്മാരായി നെഞ്ചിൽ കൊണ്ട് നടന്നിരുന്നത് ഉള്ളിൽ തെളിഞ്ഞു വന്നു . ഫിലിപ്പ് എം പ്രസാദിന്റെയും, കെ.വേണുവിന്റെയും ലേഖനങ്ങൾ ത്രസിപ്പിച്ചിരുന്ന കാലങ്ങൾ തികട്ടി വന്നു മലയാളി ആയാൽ അതാണ് ഗുണം ,വാതിലിൽ ആഞ്ഞു മുട്ടി ,അയാൾ കതകു തുറന്നു , പ്രവേശന നിഷേധത്തിന്റെ കാരണം പറയണം എന്ന് ശക്തിയുക്തം ആവശ്യപ്പെട്ടു ,എന്റെ കണ്ണുകളിൽ ആളിക്കത്തുന്ന തീ അയാൾ കണ്ടു , അയാൾ പറഞ്ഞു സുഹൃത്തേ ഇവിടെ പ്രവേശിക്കണമെങ്കിൽ പഞ്ച് ചെയ്യണം , പ്രവേശന കവാടത്തിലെ പഞ്ചിങ് മെഷീൻ യമൂസ് വൈകിട്ട് ആറുമണിക്ക് ശേഷം എടുത്തുകൊണ്ടുപോകും അതോടെ അതാതു ദിവസങ്ങളിലെ പ്രവേശനം അവസാനിക്കും .ഇനി തിരികെ വെക്കണമെങ്കിൽ അദ്ദേഹത്തിന് തോന്നണം ,ഔദ്യോഗിക വാഹനം ആയ പോത്തും കുട്ടനെ കുളിപ്പിച്ചു കാടിയും കൊടുത്തു,ആയുധം ആയ കാലപാശത്തിൽ എണ്ണപുരട്ടി വെയിലത്തിട്ടുണക്കിയ ശേഷം പുള്ളിക്ക് തോന്നുന്ന നേരത്തേ കൊണ്ട് വെക്കുകയുള്ളു അതാണ് യമ ലോക നിയമ സംഹിത .വകുപ്പ് .വൈ എൻ എസ്സ് 176 .ഇനി ഇതൊന്നും കൂടാതെ സ്കൂളുകളിലെ പോലെ എല്ലാ വർഷവും ഒരു പ്രവേശനോത്സവം വെക്കാറുണ്ട് അതിനു പഞ്ചിങ് ഒന്നും വേണ്ട കർക്കിടകമാസത്തിൽ കറുത്തവാവിനോട് അനുബന്ധിച്ചാണ് ആ ദിവസം യമലോകം കലണ്ടറിൽ നോക്കിയാൽ അറിയാൻപറ്റും .
അയാൾ പറഞ്ഞു.
നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ ഇരിക്കാം ഇല്ലെങ്കിൽ പിന്നീട് ശ്രമിക്കാം .മൊബൈൽ ഫോണിലെ കാൾ വെയ്റ്റിംഗ് സന്ദേശം മനസിലേക്കോടി എത്തി .പഞ്ചിങ് മെഷീൻ എന്നുകേട്ടപ്പോഴേ രക്തത്തിന്റെ തിളപ്പ് സമോവറിലെ വെള്ളം പോലെ ആയി വിപ്ലവം തിളച്ചുമറിയാൻ തുടങ്ങി ,സിരകൾ ത്രസിച്ചു ,മുഖം വലിഞ്ഞു മുറുകി ,പണ്ട് ഭരണ സിരാകേന്ദ്രത്തിൽ പഞ്ചിങ് മെഷീൻ വെച്ചപ്പോൾ അതിനെതിരെ ഘോര ഘോരം അടരാടിയ വിപ്ലവസിംഹങ്ങളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു .അവകാശ ധ്വമ്സനങ്ങൾ നമ്മൾ പൊറുക്കില്ല ,പ്രബുദ്ധരാണ് പ്രബുദ്ധർ ,പണിയെടുത്തില്ലെങ്കിലും ശമ്പളം അത് ഞങ്ങളുടെ അവകാശം ആണ് ,പകരം ഞങ്ങൾ വല്ല ജോലിയും ചെയ്താൽ അത് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഔദാര്യവും എന്നുറക്കെ പ്രഖ്യാപിച്ചിരുന്ന ഒരു പൂർവ്വകാല സർക്കാർ ലാവണക്കാരൻ ആയ ഞാൻ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെട്ടുപോയി .അറിയാതെ എന്റെ കൈകൾ ആകാശത്തേക്കുയർന്നു മുഷ്ടികൾ ചുരുണ്ടു ഇൻക്വിലാബ് വിളിച്ചുകൊണ്ടു വായൂ മർദ്ദനം തുടങ്ങി .എന്നോടാ കളി എന്നുള്ളിൽ പറഞ്ഞു ഇതുകണ്ട ദ്വാരപാലകനും സഹപാലകനും കൂടി എന്നെ ചവിട്ടി പുറത്താക്കി ,എന്നിട്ടു ഒരാശയത്തെ ,ഒരു പ്രസ്ഥാനത്തെ അടിച്ചമർത്തിയ ആശ്വാസത്തോടെ ഇരിപ്പിടങ്ങൾ പൂകി .ഞാനോ വാഗ്ദാനങ്ങൾ പറഞ്ഞു വോട്ട് മേടിച്ചു ജയിച്ചു പോയ ജനപ്രതിനിധിയോടു വാഗ്ദാനത്തെ പ്പറ്റി ചോദിച്ച വോട്ടറുടെ അവസ്ഥയിലും ആയി . ഞാൻ മുൻപ് നിന്ന പാടത്തേക്കു പതിച്ചു ,എന്ത് പറയാൻ ആത്മാവിന്റെ ഗതികേട് എന്നപേരിൽ ഒരാത്മ കഥ എഴുതാൻ പോലും തോന്നിപ്പോയി .
കൊയ്ത്തു കഴിഞ്ഞ പാടത്തെ വൈക്കോൽ കുറ്റികൾ കാലിൽ മുറിവേൽപ്പിച്ചു ,വേദന കൊണ്ട് പുളഞ്ഞു പോയി ,എന്റെ കാലിൽ പാദരക്ഷകൾ ഇല്ലല്ലോ ,ഇനി ഇപ്പൊ ഒരെണ്ണം സംഘടിപ്പിക്കാം എന്ന് വെച്ചാലും നടക്കില്ല ,കൈയിലെ സമ്പാദ്യം തീർന്നുകൊണ്ടിരിക്കുന്നു .യമലോകത്തു കയറിപറ്റിയിരുന്നെങ്കിൽ അവിടുത്തെ പുരുഷ സ്വയം സഹായ സമിതിയിൽ നിന്നും ലോൺ ഒപ്പിച്ചെടുക്കാമായിരുന്നു ഇപ്പൊ അതും പറ്റില്ല .പരലോകത്തെ ട്രെഷറിയിൽ പൂച്ച പെറ്റു കിടക്കുന്നതിനാൽ മാസാ മാസം ലഭിക്കുന്ന പെൻഷനും മുടങ്ങി .ഇതൊക്കെ ആരോട് പറയാൻ ,ദേവേന്ദ്ര പക്ഷം പറയുന്നു ഈ വക പരിപാടിയൊക്കെ യമ പുരി സംസ്ഥാനത്തിന്റെ ചുമതലയാണെന്നും ദേവലോകത്തെ ഫെഡറൽ നിയമം അനുശാസിക്കുന്നത് ഇങ്ങനെ ആണെന്നും അതിൽ വെള്ളം ചേർക്കാൻ കഴിയില്ല എന്നും പറഞ്ഞു കൈ ഒഴിഞ്ഞു ,ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ,അലഞ്ഞു തിരിയാൻ ആണ് നമ്മുടെ വിധി .സഹപാഠികളിൽ ആർക്കോ ചെരുപ്പ് നിർമ്മാണ സ്ഥാപനവുമായി ബന്ധം ഉണ്ടെന്നു കേട്ട് ,അവരോടൊക്കെ ചോദിച്ചാൽ നാണക്കേടല്ലേ ,ഇതിനിടയിൽ വാഗമണ്ണിൽ ടൂറിന്പോയ എന്റെ ചില ചങ്ങാതിമാരുടെ ചെരിപ്പിന്റെ വാറുപൊട്ടി അവർ ചെരുപ്പ് തേടി അലഞ്ഞെന്നുമുള്ള കഥകൾ സായാഹ്ന പാത്രത്തിൽ കണ്ടിരുന്നു ,ചെരിപ്പില്ലാത്തവരുടെ വേദന വേദന തന്നെയാണ് കേട്ടോ .പാടത്തു നിന്നും വരമ്പത്തേക്കു കേറി ,ഒരു കട്ടൻ കുടിക്കാം എന്ന് കരുതി ,വായന ശാലയുടെ മുന്നിലൂടെ നമ്മുടെ അതിപുരാതന ചായക്കടയിലേക്ക് നടന്നു.അവിടെയും നിർഭാഗ്യം എന്നെ പിൻ തുടർന്നു ,അപ്പോഴേക്കും ആ പൗരാണിക കടയുടെ തടികളാൽ നിർമ്മിച്ച തട്ടികൾക്കു താഴ് വീണിരുന്നു .തിണ്ണയിൽ വെച്ചിരിക്കുന്ന പലഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പഴയ തടി അലമാരയുടെ ചുറ്റും ഈച്ചകൾ പറക്കുന്നു .ഇഹലോകത്തോടും പരലോകതോടും ഉള്ള എന്റെ വെറുപ്പ് ഇരട്ടിച്ചു.
അവസ്ഥകൾ എവിടെയും വ്യത്യസ്തമല്ല എന്ന് ബോധ്യമായി .അപ്പൂപ്പന്റെ പല്ലുകൾ പോലെ ഇളകിയാടുന്ന കാലുകൾ ഉള്ള ബെഞ്ചിലേക്ക് പതിയെ ഇരുന്നു .വീഴാതിരിക്കുവാൻ വളരെ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നു ,പുറത്തേക്കു കണ്ണോടിച്ചപ്പോൾ അതിമനോഹരമായ കാഴ്ച എന്നെ അമ്പരപ്പിച്ചു ,നമ്മുടെ മലയാളത്തിലെ ഒരു യാത്രാ വിവരണ പരിപാടിപോലെ യാത്ര ചെയ്യാൻ വാഹനമോ സംസാരിക്കുവാൻ കൂടെ ഡ്രൈവറോ ഇല്ലല്ലോ ,അതുകൊണ്ടു നടകൾ ഇറങ്ങി മെല്ലെ ആ കാഴ്ച കണ്ട സ്ഥലത്തേക്ക് നടന്നു .ജപ്പാനിലോ ജർമ്മനിയിലോ പോലും കാണാത്ത അതി നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം .അതെന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് .വെറും ഒരു കലുങ്കിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ കണ്ണുകൾ ,വഴിയിലും പരിസര പ്രേദേശങ്ങളിലും നടക്കുന്ന എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുന്നു .അതിനെക്കുറിച്ചു അറിയുവാനുള്ള കൗതുകം ഏറി ,കാലിലെ കുഴിനഖം പരിശോധിച്ചുകൊണ്ടിരുന്ന പൗര പ്രമുഖനോട് ആരാഞ്ഞു .അദ്ദേഹം പറഞ്ഞു ,എഡി 800 ആം നൂറ്റാണ്ടിൽ ആരംഭിച്ചതാണ് ഈ ക്യാമറയുടെ പ്രവർത്തനം .ഇത് അതി നൂതനം ആയ സാങ്കേതിക വിദ്യ ആണ് ,നിർമ്മിതബുദ്ധി ഒക്കെ സ്വപ്നം കാണാൻ തുടങ്ങുന്നതിനു എത്രയോ നൂറ്റാണ്ടു മുൻപേ ഈ വിദ്യ ഇവിടുണ്ടായിരുന്നു .ഈ നാട്ടുകാർ ബുദ്ധിയുടെ കാര്യത്തിൽ എത്രയോ ഉയരത്തിൽ ആണെന്ന് ഞാൻ ചിന്തിച്ചു .
അദ്ദേഹം തുടർന്നു , ഇതിനു പ്രത്യേക ഇന്ധനമോ ,ഉപകരണങ്ങളോ ഒന്നും വേണ്ട ,ഇവർ ഇന്റർനെറ്റിനേക്കാൾ ശര വേഗത്തിൽ അടുക്കളപ്പുറങ്ങളിൽ സാങ്കേതിക മിഴിവോടെ വാർത്തകൾ എത്തിക്കും .യാതൊരു മാസവരിയും ആരിൽ നിന്നും ഈടാക്കാറില്ല .
ഞാൻ ചോദിച്ചു
പിന്നെന്തിനാണ് ഇവർ ഈ ജോലി ചെയ്യുന്നത് ?
പ്രമുഖൻ പറഞ്ഞു
ഇവർക്ക് ചെറിയൊരു മനസുഖം , പിന്നെ ആളുകൾ പരസ്പരം തമ്മിൽ തല്ലുമ്പോൾ ഇവർ ആത്മ നിർവൃതി അടയും.എനിക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി ,എങ്കിലും അത്ഭുതം കൂറുന്നതായി ഞാൻ അഭിനയിച്ചു
പ്രമുഖൻ തുടർന്നു ,ഈ ക്യാമറകളുടെ ഉടമസ്ഥരായ വീട്ടുകാർക്ക് നല്ല ചിലവുണ്ട് ,വരുമാനം ഒന്നുമില്ലാത്ത ഇവർക്കു സമയാ സമയങ്ങളിൽ ആഹാരം ,പുകക്കാൻ ദിനേശ് ബീഡി ,ചവക്കാൻ മുറുക്കാൻ ഇതെല്ലം സംഭരിച്ചു ഊർജസ്വലരായി ക്യാമറകൾ സ്വക്ഷേത്രത്തിൽ ഇരിപ്പുറപ്പിക്കും .എനിക്ക് മതിയായി .വെറുതെ വട്ടമൊന്നു കണ്ണോടിച്ചപ്പോൾ തൊണ്ണൂറുകളിലും യുവത്വം പേറുന്ന അക്ഷരാലയം വീണ്ടും മുന്നിൽ വന്നു ,എത്രയൊക്കെ മേക്കപ്പിട്ടിട്ടും വാർദ്ധക്യത്തിന്റെ ചുളിവുകൾ മുഖത്തിന്റെ ശ്രീയെ കെടുത്തുന്നത് കാണാം .ഈ നാട്ടുകാർ സർക്കാർ നിയമങ്ങളെ ശിരസ്സാ വഹിക്കുന്ന രാജ്യ സ്നേഹികൾ ആണ് .നാം രണ്ടു നമുക്ക് രണ്ടു എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ഒരു സമൂഹം ആണ് ഇവർ .അതും ഈ തൊണ്ണൂറുകളിൽ എത്തിയ പള്ളിക്കൂട മുത്തശ്ശിക്ക് ചെറുതല്ലാത്ത ക്ഷീണം സംഭാവന ചെയ്തിട്ടുണ്ട് .സമീപ പഞ്ചായത്തുകളിൽ യുവ സുന്ദരികൾ ആയ പള്ളിക്കൂടങ്ങൾ ഉണ്ടെന്നു കേൾക്കുന്നു എല്ലാവരും ചെറുപ്പത്തിന്റെ പുറകെ പോകുന്നു .എന്തുപറയാൻ മാതാപിതാക്കളെ നടതള്ളുന്ന കാലത്താണ് ഒരു പള്ളിക്കൂടം ,ഈ പള്ളിക്കൂടത്തെ പരിപോഷിപ്പിക്കാനുള്ള പോഷകാഹാരങ്ങൾ ഒന്നും ഉത്തരവാദികൾ നൽകുന്നില്ല എന്ന കരക്കമ്പി മുന്നേ കേട്ടിരുന്നു ,ഒറ്റനോട്ടത്തിൽ അത് വ്യക്തവും ആവും .എല്ലായിടത്തും മത്സരമാണ് അതിനെ മറികടക്കണമെങ്കിൽ മാറ്റങ്ങൾ അനിവാര്യം ആണ് ഇപ്പോഴുള്ള ചില യുവ തുർക്കികൾ അതിനായി യത്നിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് കേൾക്കുന്നു ,സന്തോഷം. .വലിയ വലിയ വിദ്വാൻ മാർ ഒക്കെ അഭ്യസിച്ച കളരിയാണ് ,അവരുടെ മക്കളെ ഒക്കെ ഇഗ്ളീഷ് മീഡിയത്തിലേ വിടൂ എന്നാ ചെയ്യാനാ .ചെമ്മനം ചാക്കോ സാറിനെ ഒരു നിമിഷം സ്മരിച്ചു ,
പടിഞ്ഞാറോട്ടു നോക്കിയപ്പോൾ അംബര ചുംബിയല്ലാതെ തോട്ടിറമ്പിൽ നാണത്തോടെ നിൽക്കുന്ന പോസ്റ്റ് ഓഫീസ് ,നാല് മുറികളുള്ള പുരാതന തട്ടിപ്പീടിക ,നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടം സന്ദർശിച്ചുപോയ ചൈനീസ് സഞ്ചാരികൾ രേഖപ്പെടുത്തി വെച്ചിരിക്കുന്നതുപോലെ ഇന്നും നിലനിൽക്കുന്നു ,ചൈനീസ് സഞ്ചാരികളുടെ ആത്മാക്കൾ ഇതുവഴി വരികയാണെങ്കിൽ അവർക്കു ഈ നാടിൻറെ മുക്കും മൂലയും അന്നത്തെ പോലെ ഇന്നും അറിയുവാൻ സാധിക്കും .പഴയകാല രാജകീയ പ്രതാപത്തോടെ ഇതൊക്കെ കാത്തു സൂക്ഷിക്കുന്ന ഭരണാധികാരികൾക്കും നാട്ടുകാർക്കും ഒരിക്കൽക്കൂടി നന്ദി .
നേരം ഇരുണ്ടു തുടങ്ങി ,നമ്മുടെ ശാസ്ത്രജ്ഞനെ ഇനി കാണുന്നില്ല എന്ന് തീരുമാനിച്ചു ,അദ്ദേഹത്തെ മരണാനന്തര ജീവിത യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തി അങ്ങേരു വല്ല നോബൽ സമ്മാനവും വാങ്ങിയാൽ വാങ്ങട്ടെ എന്ന് കരുതിയ ഞാൻ വിഡ്ഢിയായി . ഇങ്ങനെ പോകുവാൻ ഇടമില്ലാതെ നാലും കൂടിയ കവലയിൽ നഖവും കടിച്ചു നിൽക്കുമ്പോൾ ഒന്ന് കുളിച്ചുകളയാം എന്ന ആശയം മനസ്സിൽ മുളപൊട്ടി ക്ഷീണം മാറുമല്ലോ .പകലിനെ ഇരുട്ടെന്ന പെരുമ്പാമ്പ് വിഴുങ്ങി തീരാറായി ,അടുത്ത് അതി മനോഹരമായ ഒരു അരുവിയും അതിമനോഹരമായ വെള്ളച്ചാട്ടവും ഉണ്ടെന്നു കേട്ടിരുന്നു .ചീവീടുകൾ പാട്ടുപാടി തുടങ്ങി , മിന്നാമിന്നികൾ പ്രതിഫലേച്ഛയില്ലാതെ വെളിച്ചം വിതറുന്നു ,ഇക്കാലത്തു വഴി ചോദിച്ചാൽ പോലും പ്രതിഫലം ചോദിക്കുന്ന ആളുകൾ ഉണ്ട് ,അനുഭവം ആണേ
ഇക്കൂട്ടർക്കിടയിൽ ഈ മിന്നാമിനുങ്ങൊക്കെ എത്രയോ നന്മയാണ് ചെയ്യുന്നത് .തണുപ്പ് കാലിലൂടെ അരിച്ചുകയറുവാൻ തുടങ്ങി ,മരിച്ചു കഴിഞ്ഞു ഫ്രീസറിൽ വെച്ചപ്പോൾ ഉണ്ടായ തണുപ്പ് പോലത്തെ തണുപ്പ് .നടന്നു നടന്നു കൂറ്റൻ പാറപ്പുറത്തു എത്തി വെള്ളച്ചാട്ടം വീക്ഷിച്ചു അതിമനോഹരം ,പാറക്കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വേണം കുളിക്കാൻ ‘അടുത്തു കണ്ട പാറക്കുഴിയിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നു ,തോർത്തിയില്ല ,വലിയ ഒരു പാറയുടെ മുകളിൽ അർദ്ധ ചന്ദ്രനെ നോക്കി മലർന്നു കിടന്നു.
അടുത്തെവിടെയോ എന്റെ ഗായകൻ ആയ സുഹൃത്തിന്റെ വീടുണ്ടെന്നറിയാം ഓർമ്മകൾ വ്യക്തമല്ല .ആരോ മറന്നു വെച്ച ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും അവിടിരുപ്പുണ്ടായിരുന്നു അതിൽ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു ,തീപ്പെട്ടി തണുത്തുപോയി കരഞ്ഞു കരഞ്ഞാണ് ഒന്ന് കത്തിയത് ,തലയ്ക്കു തീകൊടുത്തു വാലിലൂടെ പുക ആഞ്ഞു വലിച്ചു അതേപോലെ പുറത്തേക്കും മനസ്സിൽ പറഞ്ഞു ഇതാണ് ആത്മാവിന്റെ പുക . പുക ഊതി വിട്ടുകൊണ്ട് ഇഹ പരലോകവാസികളുടെ ദൈന്യതയെ കുറിച്ച് ചിന്തിച്ചു.ഇവിടുള്ളവർ വിചാരിക്കും പരലോകം സ്വർഗ്ഗം അവിടുള്ളവർ വിചാരിക്കും ഭൂമി അത് തന്നെയാണ് സ്വർഗം ,വിചിത്രമായി തോന്നുന്നു അല്ലെ ,ഇവിടെയാണെങ്കിൽ ജനങ്ങളെ സ്വർഗ്ഗവും നരകവും പറഞ്ഞു പറ്റിച്ചു ജീവിക്കുന്ന ജീവികളും ഉണ്ട് ,പരലോകത്തു ഇവന്മാർക്ക് സ്ഥാനം ഇല്ല കേട്ടോ അതുപോലെ വലിയ പണക്കാരെയും കാണുന്നില്ല ദേവേന്ദ്രന് മാത്രമേ റോൾസ് റോയിസ് കണ്ടിട്ടുള്ളു ബാക്കിയുള്ളവർ ഒക്കെ കാലന്റെ ശൈലി ആണ് ആന ,മയിൽ, ഒട്ടകം ഒക്കെ വാഹനം ആക്കും .വീണ്ടും തല ചായ്ക്കാൻ ഒരിടമില്ല എന്ന ചിന്ത വേട്ടയാടുവാൻ തുടങ്ങി ,കുറച്ചു മാറി ചരിത്ര പ്രാധാന്യമുള്ള ഒരു തുരങ്കം ഉണ്ടെന്നു കേട്ടിട്ടുണ്ട് അവിടെ പോയി ധ്യാനം ചെയ്യാം എന്ന തീരുമാനത്തിലെത്തി, പയ്യെ പാറപ്പുറം വിട്ടു കുഴികൾ നിറഞ്ഞ പാതയിലൂടെ ക്ഷേത്ര മൈതാനത്തിനടുത്തെത്തി ,അവിടെനിന്നും പിന്നേം വടക്കോട്ടു പോകേണം .അങ്ങനെ ചെന്നപ്പോൾ പലകയടിച്ചു വെള്ള പൂശിയ ഒരു കെട്ടിടം വെള്ളയിൽ കറുപ്പിൽ കള്ള് എന്ന രണ്ടക്ഷരം .ഇഹലോകജീവിതത്തിൽ ഏറ്റവും ത്രസിപ്പിച്ച പേര് .മെല്ലെ ആ പടിക്കെട്ടുകൾ കയറി മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെട്ടത്തിൽ വെളുത്ത നിറത്തിലുള്ള ദ്രാവകം നിറച്ച കുപ്പികൾ കാണാറായി ,ഒന്ന് രണ്ടുപേർ അവിടവിടെ ഇരുന്നു സുരപാനം ചെയ്യുന്നുണ്ടായിരുന്നു ,കഴിക്കുന്ന ആഹാര അവശിഷ്ടങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഒന്നുരണ്ടു പൂച്ചകൾ മ്യാവൂ വെച്ചുകൊണ്ട് മുകളിലേക്ക് നോക്കി ഇരിക്കുന്നു .വെളുത്ത ദ്രാവകത്തിൽ ക്ഷുദ്ര ജീവികൾ ആയ ഉറുമ്പ് ,പാറ്റ, ഈച്ച ഒക്കെ കുടിച്ചു ഉന്മത്തരായി പരലോകം പൂകി ,ജഡങ്ങൾ മുകളിലെ പതയോടു ചേർന്ന് പൊങ്ങിക്കിടക്കുന്നു ,പാവങ്ങൾ മരിക്കാൻ നേരത്തു അനിർവചനീയമായ അനുഭൂതി നുകർന്നിട്ടുണ്ടാവണം .ആ അനുഭൂതിയെ കുറിച്ചു അവരുടെ ആത്മാക്കളുമായി ഒരു ചർച്ച നടത്തണം .വലിയ മീശ ഉള്ളവർ ഈ പാനീയം കുടിക്കുമ്പോൾ മീശയെ ഒരു അരിപ്പയാക്കി ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട് തമാശ ആയിരിക്കാം ,എന്തായാലും ഞാൻ രണ്ടു കുപ്പി വാങ്ങി സാവധാനം കഴിച്ചു തുടങ്ങി.
അവിടിരുന്നവർ ഒക്കെ സ്ഥലം കാലിയാക്കാൻ തുടങ്ങി ആടി ആടി ഭിത്തിയിൽ പിടിച്ചും ഒക്കെ റോഡിലേക്കിറങ്ങുന്നു ,കള്ളിന്റെ പുളിച്ച ഗന്ധം പടർന്നു ,എന്റെ തലക്കും എന്തോ ഭാരം തോന്നി തുടങ്ങി അന്ന് നമ്മുടെ ശാസ്ത്രഞ്ജന്റെ അടുത്തുനിന്നും കട്ടൻ ചായ കുടിച്ച സുഖം .എഴുനേറ്റു നില്ക്കാൻ പറ്റാതായി കടയിലെ വിൽപ്പനക്കാരൻ പറഞ്ഞു അടക്കുവാൻ പോകുവാ ചേട്ടൻ ഇറങ്ങണം ,ഞാൻ പതിയെ പലകയിൽ പിടിച്ചു പിടിച്ചു വെളിയിലേക്കിറങ്ങി . ഇരുട്ട് നിറഞ്ഞ പാത ,അവിടവിടെ യായി തെരവു നായ്ക്കൾ എന്നെ നോക്കി മുരളുന്നു പിന്നെ മുരൾച്ച കരച്ചിലായി അവ കരഞ്ഞുകൊണ്ട് ഓടി പോയി ,നായ്ക്കൾക്കു ഭൂത പ്രേതാദികളെ കണ്ടാൽ മനസിലാകും എന്ന് പണ്ട് കേട്ടിട്ടുണ്ട് ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എന്നെ കണ്ടു പേടിച്ചു പോയി ,സന്തോഷം തോന്നി ഇതേവരെ എന്നെക്കണ്ടു ആരും പേടിച്ചിട്ടില്ല ,രണ്ടു നായയെങ്കിലും പേടിച്ചല്ലോ.പതിയെ തുരങ്ക പാതയിലേക്കിറങ്ങി ഇരുട്ടു കാരണം ഒന്നും കാണാൻ പറ്റുന്നില്ല ,എന്തും വരട്ടെ ഇഹലോകത്തും പരലോകത്തും രക്ഷയില്ലാത്ത, രണ്ടിടവും കണ്ടു മനം മടുത്ത എനിക്ക് സ്വപ്നങ്ങൾ ഇല്ലാത്തതുകൊണ്ട് ഇനിയുള്ള കാലം ഈ തുരങ്കത്തിൽ കഴിയണം ,കാലങ്ങൾക്കു ശേഷം വരുന്ന ഗവേഷകർ ചിലപ്പോൾ എന്നെയും ദൈവമായി പ്രഖ്യാപിക്കുമായിരിക്കാം ,എല്ലാവരോടും നന്ദി .
സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.











Leave a Reply