ഫാ. ബിജു കുന്നക്കാട്ട് PRO

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷ’ന്റെ മൂന്നാം ദിനം ഇന്ന് പ്രെസ്റ്റണ്‍ റീജിയനില്‍ നടക്കും. രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ (St. Alphonsa Immaculate Conception Cathedral, Preston, PR1 1TT) രാവിലെ ഒന്‍പതു മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ പ്രാര്‍ത്ഥന ശുശ്രുഷകള്‍ ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രിസ് ഡിറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, കത്തീഡ്രല്‍ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ തുടങ്ങിയവര്‍ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും. റീജിയണിലെ സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പ്രാരംഭ പ്രാര്‍ത്ഥനകള്‍, ആരാധനാസ്തുതിഗീതങ്ങള്‍, വെഞ്ചരിപ്പ് പ്രാര്‍ത്ഥന, വചനപ്രഘോഷങ്ങള്‍, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രുഷകള്‍ വിശ്വാസികള്‍ക്ക് പുത്തന്‍ പന്തക്കുസ്ത അനുഭവം സമ്മാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കിയിട്ടുണ്ട്. (കുട്ടികള്‍ സമ്മേളിക്കുന്ന സ്ഥലം: English Martyrs & St. Thomas of Canterbury Church, Preston, PR1 1NA.) പ്രെസ്റ്റണ്‍ റീജിയണു കീഴിലുള്ള പതിനഞ്ചിലധികം വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനറും വികാരി ജനറാളുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈശോയുടെ നാമത്തില്‍ കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നു.