ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

മാഞ്ചസ്റ്റര്‍: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ സിറ്റികളിലൊന്നായ മാഞ്ചസ്റ്ററിനെ, ആത്മീയതയിലും ഉയര്‍ന്ന തലത്തിലെത്തിച്ചുകൊണ്ട് തിരുവചനത്തിന്റെ അഭിഷേകാഗ്നി ഇന്നലെ മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ടില്‍ പെയ്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ഏകദിന കണ്‍വെന്‍ഷന്‍ ഇന്നലെ ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയില്‍, ദൈവത്തിന്റെ മക്കള്‍ക്ക് ചേരുന്ന രീതിയില്‍ ജീവിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കല്‍ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാമെല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഞ്ചസ്റ്റര്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ 9 മണിയോടെ കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷന്‍ വേദിയില്‍ റവ. ഫാ. സാംസണ്‍ കോട്ടൂരും ദൈവവചനം പങ്കുവെച്ചു.

പതിവുപോലെ ജപമാല, ആരാധനാഗീതങ്ങള്‍, ബൈബിള്‍, പ്രഭാഷണങ്ങള്‍, വി. കുര്‍ബന, ദിവ്യകാരുണ്യ പ്രദക്ഷിണത്തോടൊപ്പമുള്ള ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ ചൈതന്യം പകര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായ വി. ബലിയില്‍ റീജിയണ് അകത്തും പുറത്തുനിന്നുമായി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി.

മര്‍ത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുമ്പോഴല്ല, മറിയത്തെപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിര്‍പ്പിക്കാന്‍ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശോയുടെ തിരുവചനം കേള്‍ക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

അഭിഷേകാഗ്നിയുടെ നാലാം ദിനം ഇന്ന് കേംബ്രിഡ്ജില്‍ നടക്കും. Cathedral of St John the Baptist Cathedral House, Unthank Road, Norwich, NR 2 2PA ല്‍ രാവിലെ 9 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. റീജിയണല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഭിഷേകാഗ്നിയുടെ അഞ്ചാംദിനം നാളെ (വ്യാഴം) കവന്‍ട്രി റീജിയണില്‍ നടക്കും. ബര്‍മിംഗ്ഹാം New Bingly Hallല്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്‌സണ്‍ കരിപ്പായി അറിയിച്ചു.