ബിജോ തോമസ് അടവിച്ചിറ

ആവേശകരമായ മത്സരത്തിൽ നെഹ്റു ട്രോഫിക്ക് പിന്നാലെ രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.

ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍   പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ലീഗില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് നാലാം സ്ഥാനത്തുള്ളത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നിവരാണ് തുടര്‍സ്ഥാനങ്ങളിലെത്തിയത്. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ കാട്ടില്‍ തെക്കേതിലായിരുന്നു വിജയി. നടുഭാഗം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനം. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ ഇരുടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പതാക ഉയർത്തിയ വള്ളം കളി. തുടർന്നു ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു.കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക സമ്മേളനവും നടത്തി. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലെ 11 ടീമുകൾ മത്സരത്തിൽ‍ പങ്കെടുത്തു.പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായിട്ടുള്ള നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്ത്രയോസ് ക്യാപ്റ്റനായിട്ടുള്ള കിടങ്ങറ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായിട്ടുള്ള നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായിട്ടുള്ള കരുമാടി നവിതം വഞ്ചിപ്പാട്ടു സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണകുമാരി ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം കാവ്യാജ്‍ഞലി വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനവും പ്രീതാ ബാബു ക്യാപ്റ്റനായിട്ടുള്ള ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ‌പത്മകുമാർ മനോജ് രാമമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ രജനി ഉത്തമൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പി.കെ.വിജയൻ പനച്ചിപറമ്പ്, എസ്.ജത‌‌ീന്ദ്രൻ, ചന്ദ്രൻ മുറിപ്പുരയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ജി.വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7–ാം വാർഡ് രണ്ടാം സ്ഥാനവും 10–ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഘോഷയാത്ര പുളിങ്കുന്ന് സെന്റ്.ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തുടർന്നു നടത്തിയ സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, പത്മകുമാർ‍ മനോജ് രാമമന്ദിരം, പുഷ്പാ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീനാ ജോഷി, വിധു പ്രസാദ്, ശോഭന സനഹാസനൻ, പത്മജ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.