നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതിന് വഴങ്ങാത്തവരോട് പകയുണ്ടായിരുന്നെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന്‍ തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന്‍ ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയില്ല.

ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.