പ്രശസ്ത നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്.

1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വില്ലൻ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധ നേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. 2005-മുതലാണ് ജി.കെ പിള്ള ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

അശ്വമേധം, ആരോമൽ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥൻ വരെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ – പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.