നടിയെ ആക്രമിച്ച സംഭവത്തിൽ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നു. ആലുവ പൊലീസ് ക്ലബിലാണ് യോഗം. കേസിന് പുറകിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉന്നതരുടെ അറസ്റ്റ് കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ പങ്കെടുക്കുന്നില്ല. ഇവർ ഇപ്പോൾ തിരുവനന്തപുരത്താണ്. ആലുവ റൂറൽ എസ്പി എ.വി.ജോർജ്ജ്, പെരുമ്പാവൂർ സിഐ എന്നിവരടക്കം പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

സംഭവത്തിന് പിന്നിലെ ഉന്നത തല ബന്ധം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഉന്നതരടക്കം ഉടൻ പിടിയിലായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കേസിൽ നടൻ ദിലീപ്, നാദിർഷ, നടി കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്.

പൊലീസിന് സംശയമുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയിൽ ഇതിനെ എങ്ങിനെ നേരിടുമെന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണം ഗൂഢാലോചന സംബന്ധിച്ചാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഗൂഢാലോചനയുടെ ചുരുളുകൾ ഉടൻ അഴിയുമെന്നും യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്നും പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ശേഷം അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചു. അങ്കമാലി കോടതി പരിസരത്ത് കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ഏതാണ്ട് പതിനഞ്ച് മിനിറ്റിലേറെ നേരം ഇദ്ദേഹം സംസാരിച്ചിരുന്നു.

രണ്ട് ദിവസത്തിനകം കേസിൽ പ്രതികൾ പിടിയിലാകുമെന്ന് കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന് പുറകിൽ ഉന്നതരുണ്ടെന്ന സൂചനയാണ് പൾസർ സുനി ഇന്ന് രാവിലെ അങ്കമാലി കോടതിയിൽ മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. താൻ സ്രാവുകൾക്കൊപ്പമാണ് നീന്തുന്നതെന്നാണ് രാവിലെ പൾസർ സുനി വ്യക്തമാക്കിയത്. ജീവന് ഭീഷണിയുള്ളത് കൊണ്ട് ജാമ്യം വേണ്ടെന്ന് ഇന്ന് പ്രതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 18 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.