സമീപകാലത്തു ഉണ്ടായ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു സ്ത്രീ വിരുദ്ധതയുമായി പുറത്തുവന്ന ചില പ്രതികരണങ്ങൾ. എന്നാൽ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയും അസമത്വത്തിന് എതിരെയും ഇത്ര ധൈര്യത്തോടെ സ്ത്രീകള്‍ സംസാരിച്ച ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. എതിര്‍ക്കപ്പെടേണ്ട പല പ്രവണതകളും സിനിമയ്ക്ക് അകത്തുണ്ടെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാന്‍ എല്ലാവരും ഭയപ്പെട്ടു. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയം തന്നെ ആയിരുന്നു കാരണം. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് പാര്‍വ്വതിക്ക് കയ്യടികള്‍ നേടിക്കൊടുക്കുന്നത്. എല്ലാ അതിരുകളും കടന്ന് ഫാന്‍സ് ആക്രമിച്ചിട്ടു പാര്‍വ്വതി ഇപ്പോഴും പറയാനുള്ളത് പറയുക തന്നെ ചെയ്യുന്നു.

ഇക്കണോമിക്‌സ് ടൈംസ് പ്രസിദ്ധീകരിച്ച പാര്‍വ്വതിയുടെ പുതിയ അഭിമുഖവും ഫാന്‍സിന് തെറിവിളിക്ക് വകുപ്പുണ്ടാക്കി നല്‍കുന്നതാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതിന് എതിരെ ആയിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇതോടെ മമ്മൂട്ടി ഫാന്‍സ് തെറിവിളിയും പൊങ്കാലയുമായി രംഗത്ത് വന്നു.

താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നത് ഇതാണ്: അതിഭീകരമായ മെസ്സേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസ്സുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന്  മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.

ഈ വിവാദത്തോടെ മലയാളികള്‍ പാര്‍വ്വതിക്കൊപ്പമെന്നും പാര്‍വ്വതിക്കെതിരെന്നും രണ്ട് തട്ടിലായി. പലരും തന്നോട് മമ്മൂട്ടിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വ്വതി തുറന്നടിക്കുന്നു.

പ്രേക്ഷകരമായിട്ടുള്ള തന്റെ ബന്ധം നേര്‍വഴിക്കാണ്. നല്ല സിനിമ നല്‍കുക എന്നതാണ് തന്റെ ജോലി. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് ജോലിയുമായി ബന്ധമില്ല. കലാകാരി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും അതിന് തനിക്ക് അവകാശമുള്ളതാണ്. കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് പല ഉപദേശങ്ങള്‍ ലഭിച്ചതായും പാര്‍വ്വതി പറയുന്നു. ചിലര്‍ പറയുകയുണ്ടായി തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ഇനി സിനിമയില്‍ അവസരം ലഭിക്കില്ല എന്നും. എന്നാല്‍ താന്‍ മറ്റെവിടേക്കും പോകാനുദ്ദേശിക്കുന്നില്ല. 12 വര്‍ഷമായി ജോലി ചെയ്യുന്ന ഇടത്ത് മറ്റാരെപ്പോലെയും തനിക്കും അവകാശങ്ങളുണ്ട്.

സ്വന്തം അധ്വാനത്തിന്റെയും ആത്മബലത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ സിനിമയില്‍ ഇവിടം വരെ എത്തിയത്. താന്‍ ഇനിയും സിനിമയില്‍ തന്നെ ഉണ്ടാവും. തടസ്സങ്ങളുണ്ടായേക്കാം. എന്നാല്‍ താന്‍ പിന്തിരിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പാര്‍വ്വതി അഭിമുഖത്തില്‍ വ്യക്തമാക്കി. കുറച്ച് നാള്‍ മിണ്ടാതിരിക്കാന്‍ പലരും ഉപദേശിച്ചു. അങ്ങനെ മിണ്ടാതിരുന്ന് ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട എന്നതായിരുന്നു തന്റെ നിലപാട്. സിനിമയില്‍ അവസരം ലഭിച്ചില്ല എങ്കില്‍ താന്‍ തന്നെ സിനിമ സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു.

കസബ വിവാദത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ചും പാര്‍വ്വതി പ്രതികരിച്ചത് ഇങ്ങനെയാണ്. മമ്മൂട്ടി അക്കാര്യത്തില്‍ പ്രതികരിച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണ് എന്ന് പറയാന്‍ സാധിക്കില്ല. സൈബര്‍ ആക്രമണത്തെക്കുറിച്ച് താന്‍ മമ്മൂട്ടിക്ക് മെസ്സേജ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോളേക്കും കാര്യങ്ങള്‍ കൈവിട്ട നിലയ്ക്ക് എത്തിയിരുന്നു. തന്നില്‍ നിന്നും മമ്മൂട്ടില്‍ നിന്നും പോലും മാറി വിഷയം മറ്റേതോ തലത്തില്‍ എത്തിയിരുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ ഇനിയും ചോദ്യങ്ങളുയര്‍ത്തുമെന്ന് പാര്‍വ്വതി ആവര്‍ത്തിക്കുന്നു. അക്കാര്യത്തില്‍ ഒരു മാറ്റത്തിനുള്ള ശ്രമം ഇനിയും തുടരുമെന്നുള്ള  ‘നയം വ്യക്തമാക്കി’ പാർവതി…