രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി. കോവിഡില്ലെന്നും നിരീക്ഷണത്തില്‍ കഴിയുന്നത് തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം താരത്തിന്റെ മടങ്ങിവരവിനായി പ്രാര്‍ഥനയോടെ കഴിയുകയാണു തമിഴകം.

രണ്ടാഴ്ചയായി ഹൈദരാബാദിലാണ് രജനികാന്തുള്ളത്.168ാമത്തെ സിനിമ അണ്ണാത്തയുടെ അവസാന ഷെഡ്യൂള്‍ രാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പരിഗണിച്ചു പ്രത്യേക മുന്‍കരുതല്‍ നടപടികള്‍ എടുത്തായിരുന്നു പുരോഗമിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം നാലു യൂണിറ്റംഗങ്ങള്‍‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രജനികാന്തിനു ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ഫലം നഗറ്റീവായതോടെ താരം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെ ഇന്നലെ രാവിലെ രക്തസമ്മര്‍ദത്തില്‍ വലിയ വ്യതിയാനം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളില്ലെന്നും രക്തസമ്മര്‍ദം സംബന്ധിച്ചു നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം വ്യാഴാഴ്ച രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപെട്ടു പ്രഖ്യാപനം നടത്തുമെന്നു നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു.

ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചതുപോലെ പ്രഖ്യാപനമുണ്ടാകുയമോയന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നു. അതിനിടെ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍, ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് എന്‍.ചന്ദ്രബാബു നായിഡു, പുതുച്ചേരി ഗവര്‍ണര്‍ തമിലിസൈ സൗന്ദര്‍രാജ്, സിനിമ താരങ്ങള്‍ തുടങ്ങിയവര്‍ താരത്തിന്റെ ആരോഗ്യനില തിരക്കി ആശുപത്രിയുമായി ബന്ധപെട്ടു. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുത്തു തിരികെയെത്തട്ടേയെന്നും ആശംസിച്ചു.