ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.

അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.

ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.

1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.