ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഋഷി സുനക് സർക്കാരിൻെറ ആദ്യ ക്രിസ്‌തുമസ്‌ കാലം അത്ര സുഖകരമായിരിക്കില്ല. ക്രിസ്‌തുമസ്‌ കാലത്ത്‌ ബ്രിട്ടനെ കാത്തിരിക്കുന്നത് സമര പരമ്പരകളാണ്. നേഴ്‌സുമാർക്കും റെയിൽവേ ജീവനക്കാർക്കും പുറകേ ആയിരത്തിലധികം എയർപോർട്ട് ജീവനക്കാരും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് പ്രധാന വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് പാസ്പോർട്ട് ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം ബ്രിട്ടീഷുകാരുടെ അവധി ആഘോഷ പരിപാടികളെ വെള്ളത്തിലാക്കും. ഹീത്രൂ, ഗാറ്റ്‌വിക്ക്, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ജീവനക്കാർ ഡിസംബർ 23 മുതൽ 26 വരെയും ഡിസംബർ 28നും പണിമുടക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അറിയിച്ചു.

ഈ മാസം അവസാനവും ജനുവരി ആദ്യവും പതിനായിരക്കണക്കിന് റെയിൽവേ ജീവനക്കാരും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ വളരെ വൈകിയാണ് ഇടപെട്ടതെന്ന് ആർഎംടി യൂണിയൻ ആരോപിച്ചു. ക്രിസ്‌തുമസിൻെറ കാലയളവിൽ റെയിൽവേ യൂണിയനുകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തപാൽ ജീവനക്കാരും പണിമുടക്കിലേക്ക് കടക്കും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

പുതിയതും മെച്ചപ്പെട്ടതുമായ ശമ്പള വാഗ്ദാനങ്ങൾ നൽകി തർക്കം പരിഹരിക്കാനുള്ള റെയിൽവേ ഡെലിവറി ഗ്രൂപ്പിൻെറ ശ്രമങ്ങൾ സർക്കാർ തടഞ്ഞുവെന്നും ആർഎംടി ആരോപിച്ചു. എൻഎച്ച്എസ് നേഴ്സുമാരും പാരാമെഡിക്കലുകളും പണിമുടക്കിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവം നികത്താൻ സൈന്യത്തിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ആഘോഷ കാലയളവിൽ ബ്രിട്ടൻ സ്തംഭിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലും പരിഹാരത്തിനായി ശമ്പള വർദ്ധനവ് വാഗ്‌ദാനം ചെയ്യുകയില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ജീവനക്കാരേക്കാൾ കൂടുതൽ ആണെന്നുള്ള ന്യായമാണ് ഗവൺമെന്റ് പറയുന്നത്.