കോവിഡ് -19 സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവർ ആശുപത്രി വിട്ടു. ഇവരുടെ കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

” നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയിൽ ആശുപത്രിയിൽ തുടരുന്നു,” അഭിഷേക് കുറിച്ചു.

ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തുടർന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചൻ അടക്കമുള്ള ആളുകൾ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.