പാലക്കാട് തന്നെ നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.

പോലീസിൽ പരാതി നൽകിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു പോലീസ്. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്‌യുടെയും സുറുമിയുടെയും വിവാഹം.

വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ പോകുമ്പോൾ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവൻന്മാർ ഉൾപ്പെടെ ആറിലധികംപേർ ചേർന്നാണ് അക്ഷയ്‌യെ ആക്രമിച്ചത്.

മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരിൽ നിന്ന് അൽഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മങ്കര പോലീസിൽ പരാതി നൽകിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.

മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവൻ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസിൽ നിന്നും വേണ്ടതെന്ന് അക്ഷയ് ആവർത്തിക്കുകയാണ്. പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു. അതേസമയം, പാലക്കാട് തേങ്കുറുശ്ശിയിൽ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.