ന്യൂസ് ഡെസ്ക് മലയാളം യുകെ

മദ്യപാനവുമായി ബന്ധപ്പെട്ട് കാൻസർ രോഗികളുടെ എണ്ണം ആഗോളതലത്തിൽ കുതിച്ചുയരുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ലാൻസെറ്റ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവർഷം ലോകമൊട്ടാകെ 740,000 പേർക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസർ രോഗം പിടിപെട്ടത്. മദ്യപാനം മൂലം സ്തനം , കരൾ, വൻകുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ക്യാൻസർ ഉണ്ടായതിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്.

മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുജന അവബോധം വളർത്താൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും ഒരാളെ ക്യാൻസറിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. യുകെയിൽ നടത്തിയ സർവേ അനുസരിച്ച് മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 10-ൽ ഒരാൾക്ക് മാത്രമേ അറിവുള്ളൂ. മദ്യ ബോട്ടിലുകളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ഉൾപ്പെടുത്തുക, ഉയർന്ന നികുതി ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കാനുള്ള നിർദ്ദേശമാണ് പഠനം മുന്നോട്ടു വയ്ക്കുന്നത്.

പുരുഷന്മാരിൽ 568,700 മദ്യപാനത്തോട് ബന്ധപ്പെട്ട ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സ്ത്രീകളിൽ അത് 172, 600 ആണ്. മദ്യവുമായി ബന്ധപ്പെട്ട ക്യാൻസറുകൾ തടയുന്നതിന് ഇനിയും ധാരാളം മുന്നോട്ട് പോകാനുമുണ്ടന്ന് ഗവേഷണം തെളിയിച്ചതായി ക്യാൻസർ റിസർച്ച് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു, “മദ്യപാനം ഏഴ് തരം ക്യാൻസറിന് കാരണമാകുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. ഒരാളുടെ മദ്യപാന ശീലങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും. സ്കോട്ട്‌ലൻഡിലും വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിലുള്ള മദ്യത്തിനായുള്ള മിനിമം യൂണിറ്റ് പ്രൈസിങ് ഇംഗ്ലണ്ടിലും ഏർപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ക്യാൻസർ കേസുകളുടെ അനുപാതം വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും ഏറ്റവും താഴ്ന്നതാണെങ്കിൽ കിഴക്കൻ ഏഷ്യയിലും മധ്യ, കിഴക്കൻ യൂറോപ്പിലും ഏറ്റവും ഉയർന്നതാണ്. അതായത് കണ്ടെത്തലുകൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കിഴക്കൻ ഏഷ്യ, മധ്യ, കിഴക്കൻ യൂറോപ്പ് പ്രദേശങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ട ക്യാൻസർ കേസുകളുടെ അനുപാതം 6 ശതമാനമാണ്. യുകെയിൽ 4 ശതമാനവും വടക്കൻ ആഫ്രിക്കയും പശ്ചിമേഷ്യയും ഒരു ശതമാനത്തിൽ താഴെയുമാണ്.