കുര്യൻ ജോർജ്ജ്

വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം യുക്മ ദേശീയ പി.ആർ.ഒ. യും മീഡിയ കോർഡിനേറ്ററുമായി യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി അലക്‌സ് വർഗീസിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യുക്മയുടെ ആരംഭകാലം മുതൽ യുക്‌മയുടെ ഏറ്റവും അടുത്ത സഹകാരിയായി അറിയപ്പെടുന്ന അലക്‌സ് വർഗീസ് യു കെ മലയാളികൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത സംഘാടകനാണ്.

യുക്മയുടെ പ്രഥമ ദേശീയ കലാമേളയിൽ ഏറ്റവുമധികം പോയിൻറ് നേടി ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ (എം.എം.സി.എ) പ്രസിഡൻറ് പദം മുതൽ നിരവധി പദവികൾ വഹിച്ചിട്ടുളള അലക്‌സ് വർഗീസ് യുക്മ നേതൃനിരയിലെ ഏറ്റവും പരിചയ സമ്പന്നനാണ്. വിനയവും സൗമ്യതയും മുഖമുദ്രയാക്കി ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്ന അലക്‌സ് യുക്‌മയ്ക്ക് ഒരു മുതൽക്കൂട്ടാണ്. യുക്‌മ ദേശീയ സമിതിയംഗം, ജോയിൻറ് ട്രഷറർ, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അലക്‌സ് യുക്മ പി.ആർ.ഒ യുടെ ചുമതലയും മുൻപ് ഒരു ടേം നിർവ്വഹിച്ചിട്ടുണ്ട്. യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ മാനേജിങ് എഡിറ്ററുമാണ് അലക്‌സ് വർഗീസ്. മാഞ്ചസ്റ്റർ സെൻറ്. തോമസ് സീറോ മലബാർ ചർച്ചിന്റെ ട്രസ്റ്റിയായി മുൻപ് പ്രവർത്തിച്ചിട്ടുള്ള അലക്‌സ് നിലവിൽ മാഞ്ചസ്റ്റർ സെൻറ്. തോമസ്‌ ദി അപ്പോസ്റ്റൽ മിഷന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു വരുന്നു.

മാഞ്ചസ്റ്റർ എം.എം.സി.എ, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ ഉൾപ്പടെ നിരവധി പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ള അലക്‌സിന്റെ സംഘാടക പാടവത്തിന്റെ മകുടോദാഹരണങ്ങളാണ് മാഞ്ചസ്റ്റർ ഫോറം സെന്ററിൽ വെച്ച് നടത്തിയ യുക്മ ഫാമിലി ഫെസ്റ്റ്, 2019 ലെ മാഞ്ചസ്റ്റർ യുക്മ ദേശീയ കലാമേള എന്നിവ. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരങ്ങളായ ആ പരിപാടികളിലൂടെ യുക്‌മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പരിപാടികൾക്കാണ് യു കെ മലയാളികൾ സാക്ഷ്യം വഹിച്ചത്.

യു കെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രുംഖലയായ ടെസ്‌കോയുടെ ഓൾട്രിംങ്ങ്ഹാം എക്സ്ട്രായിലാണ് അലക്‌സ് ജോലി ചെയ്യുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്‌സ്, പോലീസ്‌ അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യുക്മ ദേശീയ പി.ആർ.ഒ, മീഡിയ കോർഡിനേറ്റർ എന്നീ നിലകളിൽ അലക്‌സ് വർഗീസിന്റെ സേവനം യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും കൂടുതൽ പ്രയോജനപ്രദമായി തീരട്ടേയെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസിച്ചു.

യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് ലഭിക്കാത്ത മാധ്യമങ്ങൾ [email protected] എന്ന ഇ – മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി.ആർ.ഒ യുമായി 07985641921 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി വിളിക്കാവുന്നതാണ്.