വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.