ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനം.

’14 ദിവസത്തെ ക്വാറന്റൈനുണ്ടാകും. ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താന്‍ ടീം അംഗങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍’. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ നിക്ക് ഹോക്ക്‌ലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന് അഡ്‌ലെയ്ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മ്മിച്ച ഹോട്ടലില്‍ താമസസൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പദ്ധതി. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയാണുള്ളത്. ബ്രിസ്ബെയ്നില്‍ ഡിസംബര്‍ 4നാണ് ആദ്യ ടെസ്റ്റ്.

മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരാണ് ഇന്ത്യ അവസാനം കളിച്ചത്. കോവിഡ് രാജ്യത്തെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഉടനെയൊന്നും ഒരു മത്സരം ഇന്ത്യയില്‍ പ്രതീക്ഷിക്കാനാവില്ല.