ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ കോൺവാളിൽ നടന്ന ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിൽ പങ്കെടുത്ത 5000 പേരോളം കോവിഡ് പോസിറ്റീവായതായി റിപ്പോർട്ട്‌. ടെസ്റ്റ് ചെയ്ത 4700 ഓളം പേർ ഫെസ്റ്റിവലിൽ പങ്കെടുത്തതായി വ്യക്തമാക്കിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ എണ്ണൂറോളം പേർ മാത്രമാണ് കോൺവാളിൽ താമസിക്കുന്നവർ. പോസിറ്റീവായ ബാക്കിയുള്ളവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള തീയതികളിൽ ആണ് ഫെസ്റ്റിവൽ നടത്തപ്പെട്ടത്. ഫോൾസ്, ഗോറില്ലാസ് എന്നീ ബാൻഡുകളും, പ്രശസ്ത ഗായിക ജോർജ സ്മിത്തും ആയിരുന്നു ഇത്തവണത്തെ മ്യൂസിക് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങൾ.


ഫെസ്റ്റിവലിന് വെബ്സൈറ്റിൽ പങ്കെടുത്ത എല്ലാവരുടെയും കോവിഡ് സ്റ്റാറ്റസ് ചോദിച്ചതിനു ശേഷം മാത്രമാണ് എൻട്രി ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും, 24 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത പി സി ആർ സർട്ടിഫിക്കറ്റും മറ്റും ഹാജരാക്കിയവർക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്. എന്നാൽ ഫേസ് മാസ്ക്കുകൾ ഷോയിൽ നിർബന്ധമാക്കിയിരുന്നില്ല എന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺവാൾ പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് രാജ്യത്തുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഷോ നടത്തിയതെന്ന് ബോർഡ്‌മാസ്റ്റേഴ്സ് വക്താവ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് ആളുകൾക്ക് പ്രവേശനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങൾ പ്രകാരം 450 ഓളം പേർക്ക് ചടങ്ങിൽ പ്രവേശനം നിഷേധിക്കേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചടങ്ങുകൾ നടക്കുമ്പോൾ പൂർണ്ണമായും റിസ്ക് ഒഴിവാക്കാൻ സാധിക്കില്ല. തുടർന്നും പബ്ലിക് ഹെൽത്ത് ടീമുമായി ചേർന്ന് ആവശ്യമായ നടപടികൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


കോൺവാളിലും, ഐൽസ് ഓഫ് സ് കില്ലിയിലുമെല്ലാം കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ജനസംഖ്യയിൽ ഒരുലക്ഷം പേരിൽ 722 പേർക്ക് കോവിഡ് പോസിറ്റീവ് എന്ന തരത്തിലുള്ള വർധന ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോൺവാളിലുള്ള ജനങ്ങളെല്ലാവരും തന്നെ ടെസ്റ്റ് ചെയ്യണമെന്ന മാർഗ്ഗനിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.