മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ അംബോളി ഘട്ടിൽ 2000 അടി താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കൾ മരിച്ചു. ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ഇവർ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ഘവാലേ സാഡ് പോയിന്റിലാണ് ആഗസ്ത് ഒന്നിന് സംഭവം നടന്നത്. ഇമ്രാൻ ഗരഡി (26), പ്രതാപ് റാത്തോഡ് (26) എന്നിവരാണ് താഴെ വീണതെന്ന് പൊലീസ് പറഞ്ഞു. കോലാപൂരിലെ പോൾട്രി ഫാമിലെ തൊഴിലാളികളായിരുന്നു ഇവർ.

സുഹൃത്തുക്കൾ മടങ്ങിയിട്ടും ഇവർ ഇരുവരും ഈ പോയിന്റിൽ തന്നെ സമയം ചിലവഴിച്ചിരുന്നു. ഏറെ സമയം പിന്നിട്ടിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്.

പിന്നീട് ഈ പോയിന്റിന് സമീപത്തെ കടക്കാരോടും മറ്റും അന്വേഷിച്ചാണ് ഇരുവരും കാണാതായത് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവരുടെയും മൃതുദേഹം   അടിവാരത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ നിന്ന് ഇത് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും മൂലമാണ് ഈ പ്രവർത്തനം വൈകുന്നത്.

കൈയ്യിൽ കുപ്പിയുമായി കുന്നിന്റെ ഏറ്റവും മുകളിലെ പാലത്തിന്റെ കൈവരിയിൽ കയറി ഇരിക്കുകയായിരുന്നു ഇരുവരും. ഇവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം പാലത്തിന് മുകളിൽ കയറിയ ഇവർ താഴവരയുടെ ഭാഗത്ത് പാലത്തിന്റെ അറ്റത്ത് നിന്നു. ഇവിടെ നിന്ന് കൈതെറ്റിയാണ് ഇരുവരും താഴേക്ക് പതിച്ചത്.

ഈ കാഴ്ച കണ്ടുനിന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കൈവരിക്ക് മുകളിൽ കയറരുതെന്ന് ഇവർ വിളിച്ചുപറഞ്ഞെങ്കിലും ഇരുവരും ഇത് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ ഈ പോയിന്റിലേക്ക് വീഡിയ ദൃശ്യം പകർത്തിയ ആൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.