നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. താര സംഘടനയുടെ തീരുമാനത്തിനെതിരെ രാജിവെച്ച നടിമാര്‍ക്കും പിന്തുണ നല്‍കി കൊണ്ട് 98 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പ്രസ്താവന പുറത്തിറക്കി.

അഭിനേതാക്കളായ വിനായകന്‍, അനുമോള്‍, സൃന്ദ, കുക്കു സരിത, അലന്‍സിയര്‍, അര്‍ച്ചന പദ്മിനി തുടങ്ങിയവരും സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, രാജീവ് രവി, ഡോ.ബിജു, സമീര്‍ താഹിര്‍, വിധു വിന്‍സെന്റ് തുടങ്ങിയവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകും സാങ്കേതിപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് ഒപ്പിട്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്തതാല്പര്യങ്ങള്‍ക്കും ജാതിമതലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.