ടിവികെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർ ആർ.എൻ. രവിക്ക് കത്ത് നൽകി. ഗവർണറെ നേരിൽ കണ്ട ദിനകരൻ, സംസ്ഥാനത്ത് ഭരണ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങളിൽ ഗൗരവമായ അനിശ്ചിതത്വമുണ്ടെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അന്വേഷണം വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, തന്റെ പാർട്ടിയുടെ പിന്തുണ ടിവികെയ്ക്കില്ലെന്ന കാര്യവും ഗവർണറെ അറിയിച്ചുവെന്നും ദിനകരൻ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂരിപക്ഷ അവകാശവാദം ഉന്നയിക്കുന്നതിൽ വ്യക്തത വരുത്താതെ സത്യപ്രതിജ്ഞ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
234 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും വിജയ് യുടെ ടിവികെയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, ആവശ്യമായ എല്ലാ പിന്തുണക്കത്തുകളും ഗവർണർക്ക് മുന്നിൽ ഹാജരാക്കാനായിട്ടില്ലെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച രാവിലെ നടക്കുമെന്നു കരുതിയിരുന്ന വിജയ്യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളും അവസാന നിമിഷ ചർച്ചകളും തുടരുന്നതിനാൽ അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.











Leave a Reply