പത്തനാപുരത്ത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ്. കന്യാസ്ത്രീയുടെ മരണം കൊലപാതകത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നൂറിനകത്ത് കന്യാസ്ത്രീമാരുള്ള കോൺവെന്റിൽ അപസ്മാര രോഗമുള്ള കന്യാസ്ത്രീയെ ഒറ്റയ്ക്ക് മുറിയിൽ താമസിപ്പിച്ചതിന്റെ കാരണം പോലീസ് അന്വേഷിച്ച് വരികയാണ്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കിണറിന് സമീപത്ത് രക്തക്കറ കണ്ടെത്തിയത് ദുരൂഹതയേറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകാനായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് താന്‍ പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കന്യാസ്ത്രീ ഇവരോട് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ മഠത്തില്‍ കന്യാസ്തീ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

കിണറ്റിന് സമീപത്ത് രക്തക്കറ കണ്ടെതും ഒരാളെ വലിച്ചിഴിച്ച പാടുകളും കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ സൂസന്റെ മൃതദേഹം കണ്ടെത്തിയത്. കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കി. കൊല്ലം കല്ലട സ്വദേശിയാണ് കൊല്ലപ്പെട്ട കന്യാസ്ത്രീ.