കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.

പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നു െേപാലീസ് അറിയിച്ചു.

ഗുണ്ടൂർ ജില്ലയിലെ നർസറോപേട്ട് സ്വദേശിയാണ് രവിചന്ദർ. ഭാര്യ വസുന്ധര പ്രകാശം ജില്ലയിലെ ഗിദ്ദലൂർ സ്വദേശിനിയാണ്. ദമ്പതികൾക്ക് 20 വയസ്സുള്ള മകനുമുണ്ട്. മകൻ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലാണ്. നിലവിൽ ഇവർ റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു.

മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തി എടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയുമായിരുന്നു. പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി.

ബാഗ് മേശപ്പുറത്ത് വച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി-എന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.