തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഭക്ഷണശാലയുടെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ‘ആനീസ് കിച്ചണ്‍’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേരും ‘ആനീസ് കിച്ചണ്‍’ എന്നാണ്.

ഈ പേരാണ് സംവിധായകനെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് ഭക്ഷണശാലയുമായി സംബന്ധിച്ച കോളുകളും ഷാജി കൈലാസിന് ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
‘ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’ ഷാജി കൈലാസ് വ്യക്തമാക്കുന്നു