ലണ്ടൻ : സിഗരറ്റ് പായ്ക്കറ്റുകളിൽ പുകവലി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ. ആരോഗ്യവകുപ്പിന്റെ നിർദേശം ആണിത്. കാനഡ, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം, യുകെയിൽ ഏകദേശം 76,000 പേർ ഓരോ വർഷവും പുകവലി മൂലം മരിക്കുന്നുണ്ട്. 2021-ൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടി നടത്തിയ ഒരു സർവേ പ്രകാരം, യുകെയിലെ ജനസംഖ്യയുടെ 13% പേർക്ക് ഇപ്പോഴും പുകവലി ശീലമുണ്ടെന്ന് പറയപ്പെടുന്നു.

2030 ഓടെ ഇംഗ്ലണ്ടിൽ പുകവലി അവസാനിപ്പിക്കുമെന്നാണ് സർക്കാർതീരുമാനം . നിലവിലെ പുകവലി നിരക്ക് ജനസംഖ്യയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ലാഭിക്കാനാകുന്ന പണത്തെക്കുറിച്ചും ആരോഗ്യത്തെ പറ്റിയുമുള്ള വിവരങ്ങൾ സിഗരറ്റ് പാക്കറ്റുകൾക്കുള്ളിൽ ഉൾപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കൺസൾട്ടേഷൻ ഒക്ടോബർ വരെ നീളും.

പുകവലി ശീലം എൻ എച്ച് എസ്, സമ്പദ്‌വ്യവസ്ഥ, വ്യക്തികൾ എന്നിവർക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. പുകവലി നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കുന്നതിലൂടെയും 2030-ഓടെ പുകവലി രഹിതമാകാനുള്ള നീക്കത്തിലൂടെയും എൻ എച്ച് എസിന് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.