സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. മദ്യം പിടികൂടിയ കാരാപ്പുഴ റിസർവോയറിന് സമീപം മൂങ്ങാനിയിലെ വീട് ആന്റോയുടെ പേരിലല്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അർജന്റീന ഫുട്ബോൾ ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം എക്സൈസ് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, 5.5 ലിറ്റർ കേരളനിർമിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അബ്കാരി നിയമത്തിലെ 55(ഐ), 55(എ), 58 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചെയോടെ വയനാട്ടിലെത്തിച്ച ശേഷമാണ് ചോദ്യം ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എന്നിവരടങ്ങിയ സംഘം വൈകിട്ട് നാലരവരെ ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.











Leave a Reply