ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ വലഞ്ഞു അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികൾ. ചിലർ അവധി പൂർത്തിയാക്കാനാവാതെ നിയമം നടപ്പിലാക്കുന്നതിന് മുൻപായി തിരികെ ബ്രിട്ടണിൽ എത്തിച്ചേർന്നു. യു കെ യിലെ വാൾസലിൽ സോഷ്യൽ സർവീസസ് മാനേജർ ആയി ജോലി ചെയ്യുന്ന ബിജു മാത്യു ഡെഡ് ലൈന് മുൻപ് ബ്രിട്ടണിൽ എത്തിച്ചേർന്ന തന്റെ അനുഭവം വെളിപ്പെടുത്തുന്നു. ഏകദേശം രണ്ടായിരം പൗണ്ടോളം ചെലവാക്കിയാണ് അദ്ദേഹം തിരികെ എത്തിച്ചേർന്നത്. ബന്ധുക്കളോടും മറ്റും യാത്ര പറയാൻ പോലും തനിക്ക് സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബിജു മാത്യു

എന്നാൽ ഇതേ സമയം വിവാഹത്തിനായി എത്തിച്ചേർന്ന കിരൺ, സൗമ്യ ഫിലിപ്പ് എന്നിവർ തിരികെ പോകാൻ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലാണ്. സാധാരണയുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ ഇരട്ടി ചാർജ് ആണ് ഇപ്പോൾ ഈടാക്കുന്നത്. അതോടൊപ്പം തന്നെ ടിക്കറ്റ് ലഭിക്കാനുമില്ല എന്നാണ് ആളുകൾ പരാതിപ്പെടുന്നത്. ഏപ്രിൽ 12 മുതൽ തന്നെ ടിക്കറ്റിനായി നോക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ലഭിച്ചില്ല എന്ന് ഇരുവരും പറഞ്ഞു. ഇവരെ പോലെ നിരവധി യുകെ മലയാളികളാണ് തിരികെ പോകാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡബിൾ മ്യുട്ടന്റ് സ്‌ട്രെയിൻ ഇന്ത്യയിൽ കണ്ടുപിടിച്ചതിന് തുടർന്ന്, രോഗികൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങൾ.

കിരണിനെയും സൗമ്യയെയും പോലെ തന്നെ, തങ്ങളുടെ വിസ പുതുക്കാനായി യുകെയിലേക്ക് പോകാൻ സാധിക്കാതെ വിഷമിക്കുകയാണ് പ്രീത കെജ്‌രിവാളും, മകൻ തനിഷും. മെയ് 6 മുതൽ മകന് യുകെയിൽ പരീക്ഷകൾ ഉള്ളതായി ഇവർ പറഞ്ഞു. ഈ സാഹചര്യത്തിൽ മറ്റു നീക്കുപോക്കുകൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് തിരികെ പോകാനുള്ളവർ.


കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ബ്രിട്ടീഷുകാർക്ക് മാത്രമാണ് തിരികെ രാജ്യത്ത് എത്തിച്ചേരാനുള്ള അനുമതി. ഇങ്ങനെ എത്തിച്ചേരുന്നവർ 11 ദിവസം നിർബന്ധമായും ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യണമെന്നാണ് പുതിയ മാനദണ്ഡങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടെ അവധിക്ക് മറ്റും പോയ ഇന്ത്യക്കാരായ യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരികെ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിയിലാണ്.