തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനം. ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളര്‍ കേസ് വീണ്ടും ഊര്‍ജിതമാക്കും.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം സോളര്‍ കേസ് കുത്തിപ്പൊക്കാനൊരുങ്ങുന്ന പൊലീസ് ആദ്യം ഉന്നം വയ്ക്കുന്നത് മുന്‍ മന്ത്രി എ.പി. അനില്‍കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന സമയത്ത് തന്നെ യു.ഡി.എഫ് നേതാവിനെ പീഡനക്കേസില്‍ ചോദ്യം ചെയ്തേക്കും. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്‍കി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.

എന്നാല്‍ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്. പീഡനം നടന്നെന്ന് പറയുന്ന മുറി അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് രേഖകള്‍ ലഭിച്ചില്ല. അത്തരം തെളിവുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ.