2018ല്‍ നടത്തുന്ന ആദ്യ ഇവന്റില്‍ ആപ്പിള്‍ പുതിയ മാക്ബുക്കും ഐപാഡും അവതരിപ്പിക്കുന്നു. ഇന്ന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവ അവതരിപ്പിക്കുക. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സ്പ്രിംഗ് 2018 ഇവന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ടു വെക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അവതരിപ്പിക്കുന്ന ഐപാഡും മാക്ബുക്കും നേരത്തേ പുറത്തിറക്കിയ മോഡലുകളേക്കാള്‍ വില കുറഞ്ഞവയായിരിക്കും. ആപ്പിള്‍ പെന്‍സിലിന്റെ പുതുക്കിയ മോഡലും പുതിയ എജ്യുക്കേഷന്‍ സോഫ്റ്റ് വെയറും അവതരിപ്പിക്കും. എയര്‍പവര്‍, എയര്‍പോഡ് വയര്‍ലെസ് ചാര്‍ജിംഗ് കേസും ഇന്നത്തെ ഇവന്റില്‍ ആപ്പിള്‍ പുറത്തിറക്കും.

ചിക്കാഗോയിലെ ലെയിന്‍ ടെക് കോളേജ് പ്രെപ് ഹൈസ്‌കൂളിലാണ് ഇവന്റ് നടക്കുന്നത്. എജ്യുക്കേഷന്‍ വിപണി മുന്നില്‍കണ്ടാണ് പുതിയ ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് വില കുറഞ്ഞ മോഡല്‍ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു മാസങ്ങളായി വില കുറഞ്ഞ ഐപാഡ് മോഡല്‍ അവതരിപ്പിക്കുന്നതിനേക്കുറിച്ച് ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐപാഡ് മോഡലാണ് നിലവില്‍ ഏറ്റവും വില കുറഞ്ഞത്. 230 പൗണ്ടാണ് ഇതിന്റെ വില.

ഇന്ന അവതരിപ്പിക്കാനിരിക്കുന്ന മോഡലിന്റഎ വില 180 പൗണ്ട് മാത്രമായിരിക്കുമെന്നാണ് കരുതുന്നത്. ക്ലാസ് മുറികളിലൂടെ ഒരു വന്‍ ആപ്പിള്‍ ഉപഭോക്തൃനിരയെ സൃഷ്ടിച്ചെടുക്കാനാണ് പദ്ധതി. വില കുറഞ്ഞ മാക്ബുക്കും ഇന്ന് അവതരിപ്പിക്കും. ആപ്പിളിന്റെ ലൈറ്റ് വെയിറ്റ് ആപ്പിള്‍ എയറിനെ പിന്നിലാക്കിക്കൊണ്ടായിരിക്കും ഈ മോഡല്‍ വരുന്നത്. 700 പൗണ്ടിലും കുറവായിരിക്കും ഇതിന്റെ വിലയെന്നാണ് വിവരം. 2010ല്‍ അവതരിപ്പിച്ച ലാപ്‌ടോപ്പ് മോഡലില്‍ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മാര്‍ക്കറ്റില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരുമായുള്ള മത്സരത്തിനാണ് ഇതിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്.