കോഴിക്കോട്: മൗലികവാദത്തേക്കാള്‍ താന്‍ ഭയക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഫാസിസം നടപ്പിലാക്കുന്നത് ഭീഷണിയിലൂടെയാണെന്നും വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അവര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യം നേരത്തെ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് നാം വേഗത്തില്‍ രക്ഷപ്പെടേണ്ടതുമുണ്ട്.

സമകാലിക അവസ്ഥയെ പ്രതിരോധിക്കാന്‍ നാം കുറേക്കൂടി ധൈര്യവാന്മാരാവേണ്ടതുണ്ട്.’ അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ പണവും വെള്ളവും അറിവുമെല്ലാം ചിലരുടെ കുത്തകയായി മാറിയിരിക്കുകയാണ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും വന്‍കിടക്കാര്‍ക്ക് തുണയായപ്പോള്‍ ചെറുകിട സംരംഭങ്ങള്‍ ഇല്ലാതാവുകയാണ്. വന്‍കിട ബിസിനസുകാരാണ് ഇന്ന് ഭരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയുമെല്ലാം അവര്‍ സ്വന്തമാക്കിയിരിക്കുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനെത്തിയതായിരുന്നു അവര്‍. സാഹിത്യോത്സവങ്ങളധികവും കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാഹചര്യമായതിനാലാണ് താന്‍ ഇത്തരം പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.