ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ദിനപത്രമായ ‘ദ് ഗാർഡിയൻ’ പുറത്തിറക്കിയ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയിൽ അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ ഇടം നേടി. കോട്ടയം ജില്ലയിലെ അയ്മനത്തെയും മീനച്ചിലാറിനെയും പശ്ചാത്തലമാക്കിയ ഈ നോവൽ പട്ടികയിൽ 32–ാം സ്ഥാനത്താണ്. ഇംഗ്ലീഷിൽ എഴുതിയതോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ടികയിൽ ഇടം നേടിയ ഏക മലയാളി എഴുത്തുകാരിയാണ് അരുന്ധതി റോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

170 എഴുത്തുകാരും നിരൂപകരും സാഹിത്യ അധ്യാപകരും നിർദേശിച്ച പ്രിയപ്പെട്ട പത്ത് നോവലുകളുടെ അടിസ്ഥാനത്തിലാണ് ഗാർഡിയൻ പട്ടിക തയ്യാറാക്കിയത്. ജോർജ് എലിയറ്റിന്റെ ‘മിഡിൽമാർച്ച്’ ഒന്നാം സ്ഥാനവും ടോണി മോറിസന്റെ ‘ബിലവഡ്’ രണ്ടാം സ്ഥാനവും നേടി. ജീവിച്ചിരിക്കുന്ന എഴുത്തുകാരിൽ ഏറ്റവും ഉയർന്ന റാങ്ക് സൽമാൻ റുഷ്ദിക്കാണ്; അദ്ദേഹത്തിന്റെ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ 23–ാം സ്ഥാനത്തെത്തി. ഇന്ത്യൻ വംശജരായ റോഹിൻടൺ മിസ്ത്രിയുടെയും വി.എസ്. നയ്പോളിന്റെയും കൃതികളും പട്ടികയിൽ ഇടം നേടി.

പട്ടികയുടെ മറ്റൊരു പ്രത്യേകത സ്ത്രീ എഴുത്തുകാരുടെ ശക്തമായ സാന്നിധ്യമാണ്. 100 കൃതികളിൽ 36 എണ്ണം സ്ത്രീകളുടേതാണ്. വെർജീനിയ വുൾഫിന്റെ അഞ്ച് നോവലുകൾ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ജെയ്ൻ ഓസ്റ്റിൻ, ടോണി മോറിസൺ, ഹാൻ കാങ് തുടങ്ങിയവരും ശ്രദ്ധേയ സാന്നിധ്യമായി. അരുന്ധതി റോയി, ഹാൻ കാങ്, ചിമമാൻഡ എൻഗോസി അഡീച്ചി എന്നിവരുടെ ഉൾപ്പെടുത്തൽ പാശ്ചാത്യ ലോകത്തിന് പുറത്തുള്ള സാഹിത്യ ശബ്ദങ്ങൾക്കും ആഗോള അംഗീകാരം വർധിക്കുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.