ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 1985 ന് ശേഷം യുഎസ് ഡോളറിനെതിരെ പൗണ്ട് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റെർലിംഗ് 0.64% ഇടിഞ്ഞ് 1.145 ഡോളറിലെത്തി. 37 വർഷത്തിനിടെ കണ്ടിട്ടില്ലാത്ത നിലയാണിത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. യുക്രെയ്നിൽ യുദ്ധം തുടരുന്നതിനാലാണിതെന്നും ഇത് തടയാൻ കാര്യമായൊന്നും ചെയ്യാനാകില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ലെ അവസാന മൂന്ന് മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നും 2023 അവസാനം വരെ നീളുമെന്നുമാണ് വിഷയത്തിൽ വിദ​ഗ്ദരുടെ പ്രതികരണം.

അതേസമയം, റഷ്യയുടെ പ്രവർത്തനങ്ങളും ഊർജ വിലയിലുണ്ടായ ആഘാതവുമാണ് ഇതിന് കാരണമെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഊർജ ബില്ലുകളുടെ കുത്തനെയുള്ള വർദ്ധനവ് പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു സാധാരണ എനർജി ബിൽ ഏകദേശം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ കഴിയുമെന്നും ഇത് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, ഒരു സാധാരണ കുടുംബത്തിന്റെ ഗ്യാസ്, വൈദ്യുതി ബിൽ ഒക്ടോബറിൽ 1,971 പൗണ്ടിൽ നിന്ന് 3,549 പൗണ്ടായി ഉയരുവാൻ സാധ്യതയുണ്ട്.

ലോക്ക്ഡൗൺ പിൻവലിച്ച് സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഊർജ വില കുത്തനെ ഉയർന്നതും റഷ്യ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുത്തനെ വെട്ടിക്കുറച്ചതും പ്രതിസന്ധി കൂടുതൽ മോശമാക്കി. കുതിച്ചുയരുന്ന വില നിയന്ത്രണത്തിലാക്കാൻ 27 വർഷത്തിനിടയിലാദ്യമായി പലിശ നിരക്ക് ഉയർത്തിയപ്പോൾ തന്നെ യുകെയിൽ മാന്ദ്യം പ്രവചിച്ചിരുന്നു.