ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയറ്റ് വെയർ-ഓസ്റ്റിന്റെ ഓർമ്മകൾ ഇപ്പോഴും 1972 ഏപ്രിൽ 18 ൽ നിശ്ചലമായി നിൽക്കുകയാണ്. തന്റെ ജീവിതം കീഴ്മേൽ മാറ്റിമറിച്ച, ദുഃഖങ്ങൾ മാത്രം ബാക്കിയായ ആ പകലിലേയ്ക്കും അന്നുയർന്ന കറുത്ത പുകയിലേയ്ക്കും ഹാരിയറ്റിന്റെ ഓർമകൾ തിരികെനടക്കും. കണ്മുന്നിൽ ഉണ്ടായ വിമാനാപകടത്തിൽ തന്റെ രണ്ട് മൂത്ത സഹോദരിമാരെ നഷ്ടപ്പെട്ട ഹാരിയറ്റ്, അമ്പത് വർഷങ്ങൾക്കിപ്പുറവും നീറുന്ന മനസോടെയാണ് ജീവിക്കുന്നത്. സ്വന്തം സഹോദരിമാരുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്ന എട്ടു വയസുകാരിയുടെ മാനസികാവസ്ഥ ഭീകരമാണ്. തന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ബിബിസി റേഡിയോയിലൂടെയാണ് ഹാരിയറ്റ് വെയർ-ഓസ്റ്റിൻ തുറന്നു പറഞ്ഞത്.

1972 ഏപ്രിലിൽ എത്യോപ്യയിലെ അഡിസ് അബാബ എയർപോർട്ടിലെ ഓപ്പൺ എയർ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്നു ഹാരിയറ്റ്. ഈസ്റ്റർ അവധിക്ക് ശേഷം ഹാരിയറ്റിന്റെ സഹോദരിമാരായ കരോളിനും(12) ജെയ്നും(14) തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹാരിയറ്റിന് അന്ന് എട്ടു വയസാണ് പ്രായം. മാതാപിതാക്കളോടും സഹോദരിയോടും യാത്ര പറഞ്ഞു വിമാനത്തിൽ കയറിയ കരോളിനും ജെയ്നും പിന്നെ തിരിച്ചു വന്നിട്ടില്ല. റൺവേയിൽ നിന്ന് മുകളിലേക്കുയർന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീടുയർന്ന കറുത്ത വലിയ പുകയാണ് ഇപ്പോഴും ഹാരിയറ്റിന്റെ മനസ്സിൽ.

ജെയ്ൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കരോളിനെ യുകെയിലേക്ക് കൊണ്ടുവന്നെങ്കിലും നാല് ദിവസത്തിന് ശേഷം അവളും മരണത്തിന് കീഴടങ്ങി. 1972 ഏപ്രിൽ 18-ന് അഡിസ് അബാബ വിമാനത്താവളത്തിൽ നിന്നുയർന്ന ഈസ്റ്റ് ആഫ്രിക്കൻ എയർലൈൻസ് വിസി 10 തകർന്നുവീണ് 107 യാത്രക്കാരിൽ 43 പേരാണ് കൊല്ലപ്പെട്ടത്. അതിൽ തന്റെ സഹോദരിമാരും ഉൾപ്പെടുന്നുവെന്ന് പറയുമ്പോൾ ഹാരിയറ്റിന്റെ കണ്ണുകൾ നിറയും. റേഡിയോ പ്രോഗ്രാം പ്രക്ഷേപണം ചെയ്തതുമുതൽ, ലോകമെമ്പാടുമുള്ള 200-ലധികം ആളുകൾ ഹാരിയറ്റിനെ ബന്ധപ്പെട്ടു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും ഇപ്പോൾ എങ്ങനെ കഴിയുന്നുവെന്ന് അറിയാൻ ഹാരിയറ്റിന് താല്പര്യം ഉണ്ടായിരുന്നു. ആ ലക്ഷ്യത്തോടെയാണ് തന്റെ അനുഭവം ബിബിസിയുമായി പങ്കുവെക്കാൻ അവൾ തയ്യാറായത്.

അതിനുപിന്നാലെ, പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിച്ച ആഘാതം വിവരിച്ചുകൊണ്ട് ധാരാളം പേർ ഹാരിയറ്റിന് കത്തെഴുതി. റേഡിയോയിൽ ഹാരിയറ്റിന്റെ ശബ്ദം കേട്ടതിന് ശേഷം, മരിച്ചുപോയ തന്റെ പിതാവിനെ ഓർത്തു പൊട്ടിക്കരഞ്ഞതായി ഒരു സ്ത്രീ വെളിപ്പെടുത്തി. വിമാന ദുരന്തത്തിന്റെ തീവ്രത ഹാരിയറ്റിന്റെ വിവരണത്തിലൂടെയാണ് വ്യക്തമായതെന്ന് ചിലർ പറഞ്ഞു. എല്ലാ സന്ദേശങ്ങളും ഹാരിയറ്റിനെ ആഴത്തിൽ സ്പർശിച്ചു. അനുഭവങ്ങൾ അറിയിച്ചതിന് നന്ദിയുണ്ടെന്നറിയിച്ച ഹാരിയറ്റ്, സഹോദരിമാരുടെ ഓർമ്മകളിലേക്ക് തന്നെ കൂട്ടിച്ചേർക്കുന്ന കണ്ണിയാണ് ഇവ ഓരോന്നും എന്ന് വ്യക്തമാക്കി.