ആഷ്ഫോര്‍ഡ്: മെയ് ആറാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തിരി തെളിഞ്ഞു. അഖില ലോക തൊഴിലാളി ദിനത്തോടും അന്തര്‍ ദേശീയ നേഴ്സിംഗ് ദിനത്തോടും (മെയ് 12) അനുബന്ധിച്ച് ആഷ്ഫോര്‍ഡിലേയും സമീപ സ്ഥലങ്ങളിലേയും ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം സദസ്സിനെ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സോനു സിറിയക്ക് അഭിസംബോധന ചെയ്തു. 2017-18-ലെ കര്‍മ്മപരിപാടിക്ക് തുടക്കമെന്ന നിലയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ പ്രസക്തിയെപ്പറ്റി പ്രസിഡന്റ് ലഘുവിശദീകരണം നല്‍കി. തുടര്‍ന്ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം സമയനിഷ്ഠയോടെ ഉണ്ടാകണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

സെമിനാറില്‍ ആര്‍.എന്‍.സി സൗത്ത് ഈസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ക്ലെയര്‍ ഹാരിസനും ലണ്ടന്‍ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് തീയറ്റര്‍ മേട്രന്‍ മിനിജാ ജോസഫും ക്ലാസുകള്‍ എടുത്തു.

തൊഴിലാളി യൂണിയന്റെ പ്രസക്തിയെപ്പറ്റിയും തൊഴിലാളിയുടെ അവകാശങ്ങള്‍, തൊഴില്‍ മേഖലയിലെ ഉന്നമനം, നേഴ്സിംഗ് മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി ആര്‍.സി.എന്‍ പ്രതിനിധി പഠനക്ലാസില്‍ പ്രതിപാദിച്ചു.

റീവാലിഡേഷന്‍, ഡോക്കുമെന്റേഷന്‍, ലീഡര്‍ഷിപ്പ്, ആശയവിനിമയം, ജോലി സ്ഥലത്ത് അനുവര്‍ത്തിക്കേണ്ട സ്വഭാവ രീതികള്‍ എന്നിവയെപറ്റി മിനിജാ ജോസഫ് വിശദവും വിജ്ഞാനപ്രദവുമായ ക്ലാസ് എടുത്തു. പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളും മിനിജ നല്‍കി. ഈ സെമിനാര്‍ വളരെയേറെ ഉപകാരപ്രദമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശേഷം എ.എം.എയുടെ സെക്രട്ടറി രാജീവ് തോമസ് സെമിനാര്‍ നയിച്ചവര്‍ക്കും പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും നന്ദി രേഖപ്പെടുത്തി.

സെമിനാര്‍ നയിച്ച ക്ലെയര്‍ ഹാരിസനും മിനിജാ ജോസഫിനും ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഉപഹാരം നല്‍കുകയുണ്ടായി.