പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സര്‍ക്കാരുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമായതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. യു.എ.ഇയിലെ ബര്‍ദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്തികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ വാര്‍ത്തകള്‍ അറ്റ്‌ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. 2015 ലാണ് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ യു.എ.ഇയില്‍ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതര്‍യോഗംചേര്‍ന്ന്, യു.എ.ഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി. തുടര്‍ന്ന് ദുബായിലെ വീട്ടില്‍ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും വിവരമുണ്ട്.